ദില്ലി: ഇന്ത്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖറിന്റെ മകൻ നീരജ് ശേഖർ ബിജെപിയിൽ ചേർന്നു. രാജ്യസഭ എംപി സ്ഥാനവും സമാജ്‌വാദി പാർട്ടി അംഗത്വവും ഇന്നലെ രാജിവച്ച ശേഷമാണ് ഇന്ന് ബിജെപിയിൽ അംഗത്വമെടുത്തത്.

ചന്ദ്രശേഖർ തുടർച്ചയായി മത്സരിച്ച് ജയിച്ച യുപിയിലെ ബല്ലിയ മണ്ഡലത്തിൽ നിന്ന് 2007 ലും 2009 ലും ലോക്സഭയിലേക്ക് ജയിച്ച നീരജ് ശേഖർ 2014 ലെ തെരഞ്ഞെടുപ്പിൽ തോറ്റിരുന്നു. പിന്നീട് സമാജ്‌വാദി പാർട്ടി ഇദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കുകയായിരുന്നു.

താൻ രാജിവച്ച ഒഴിവിലേക്ക് യുപിയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി ഇദ്ദേഹം വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും. 

മുൻപ് 1990 നവംബർ 10 മുതൽ 1991 ജൂൺ 21 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രി പദവി വഹിച്ച ചന്ദ്രശേഖർ ജനതാ ദൾ നേതാവായിരുന്നു. 1990 ൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജനത ദൾ വിട്ടവർ സമാജ്‌വാദി ജനത ദൾ എന്ന പാർട്ടി രൂപീകരിച്ചു.

തന്റെ പാർട്ടിക്കാരൻ അല്ലാതിരുന്നിട്ടും ബല്ലിയ മണ്ഡലത്തിൽ ചന്ദ്രശേഖറിനെതിരെ ഒരിക്കൽ പോലും മുലായം സിംഗ് യാദവ് ‌സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചിരുന്നില്ല. 1990 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെയാണ് ചന്ദ്രശേഖർ പ്രധാനമന്ത്രിയായത്. 2007 ൽ ചന്ദ്രശേഖറിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മകനായ നീരജ് ശേഖറിനെ മുലായം സിംഗ് യാദവ് ബല്ലിയ സീറ്റിൽ സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു.