ദില്ലി: രാജസ്ഥാനിൽ നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വയനാട് എംപി രാഹുൽ ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ മൻമോഹൻ സിംഗിനൊപ്പം ഉണ്ടായിരുന്നു.

രാജസ്ഥാനിലെ ബിജെപി എംപിയായിരുന്ന മദൻ ലാൽ സെയ്‌നിയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കായിരുന്നു മൻമോഹൻ സിംഗ് മത്സരിച്ചത്. എന്നാൽ, രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ സിംഗിനെതിരായി ബിജെപി അടക്കം ആരും നാമനിർദേശപത്രിക സമർപ്പിച്ചില്ല. ഇതോടെ മൻമോഹൻ സിംഗിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

മൻമോഹൻ സിംഗിനെ രാജ്യസഭയിലെത്തിക്കാമെന്ന് നേരത്തേ കോൺഗ്രസിൽ ധാരണായായിരുന്നു. എന്നാൽ തമിഴ്‍‍നാട്ടിൽ നിന്ന് മത്സരപ്പിക്കാനായിരുന്നു നീക്കം. എന്നാൽ ഇതിനിടെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി രാജിവച്ചു. തമിഴ്‍നാട്ടിൽ നിന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിൽ മൻമോഹനെ മത്സരിപ്പിക്കണമെന്ന തരത്തിലുള്ള ആവശ്യം കോൺഗ്രസ് ഹൈക്കമാൻഡിൽ നിന്ന് ആരും കൃത്യസമയത്ത് ഉന്നയിച്ചതുമില്ല. കാത്തിരുന്ന ശേഷം ഡിഎംകെ പ്രഡിഡന്‍റ് എം കെ സ്റ്റാലിൻ സീറ്റ് പാർട്ടിക്ക് തന്നെ നൽകുകയായിരുന്നു.