ഭോപ്പാല്‍: മഹാരാഷ്ട്രയിലെ കര്‍ഷകരെ ഭീതിയിലാക്കിയ നരഭോജിയെ അവസാനം മൃഗശാലയിലേക്ക് മാറ്റി. 2018ല്‍ മഹാരാഷ്ട്രയിലെ ജനവാസ മേഖലകളില്‍ തുടര്‍ച്ചയായി എത്തുകയും മൂന്ന് പേരെ കൊലപ്പെടുത്തുകയും ചെയ്ത നരഭോജി കടുവയെ ഒടുവില്‍ ഭോപ്പാലിലെ വന്‍വിഹാറിലേക്ക് മാറ്റി. മധ്യപ്രേദശിലെ കന്‍ഹാ നാൽണല്‍ പാര്‍ക്കില്‍ നിന്നാണ് കടുവയെ പിടികൂടിയത്. ഇതിനെ മയക്കിയ ശേഷമാണ് വന്‍ വിഹാറിലേക്ക് ശനിയാഴ്ചയാണ് മാറ്റിയത്. 

നിരവധി അവസരങ്ങള്‍ സ്വതന്ത്രവിഹാരത്തിനായി നല്‍കിയെങ്കിലും മനുഷ്യവാസ മേഖലയിലേക്ക് മടങ്ങിയെത്തി ആളുകളെ ആക്രമിക്കുന്നത് പതിവായതോടെയാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. 2019ലെ എന്‍ടിസിഎ നിര്‍ദ്ദേശങ്ങളനുസരിച്ച് ആപത്കാരിയെന്ന് വ്യക്തമായതോടെയാണ് കടുവയെ തടവിലാക്കുന്നത്. അഞ്ച് വയസ് പ്രായമുള്ള ആണ്‍ കടുവയ്ക്ക് 180 കിലോയാണ് ഭാരം. മഹാരാഷ്ട്രയിലെ ചന്ദ്രാപൂറില്‍ നിന്ന് 510 കിലോമീറ്റര്‍ അകലെയുള്ള പാലാസ്പനി മേഖലയില്‍ നിന്നാണ് കടവയെ പിടികൂടിയത്. 

മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലേക്കുള്ള സഞ്ചാരത്തിനിടെ മൂന്ന് പേരാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സാത്പുരം കടുവാ സങ്കേതം അധികൃതരാണ് നരഭോജിയെ പിടികൂടിയത്. വന്‍ വിഹാറില്‍ 14 കടുവകളാണ് ഉള്ളത്. എന്നാല്‍ ഇതില്‍ സന്ദര്‍ശകര്‍ക്ക് കാണാന്‍ അനുമതിയുള്ളത് ഒരു കടുവയെ മാത്രമാണ്. അതീവ അപകടകാരികളാണ് മറ്റ് കടുവകളെന്നാണ് വന്‍ വിഹാര്‍ അധികൃതര്‍ വിശദമാക്കുന്നത്. വന്‍വിഹാറിലെ സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കുവെന്ന് നിരീക്ഷിച്ച ശേഷമാകും കടുവയെ പ്രദര്‍ശന വസ്തുവാക്കുകയെന്ന് തീരുമാനിക്കുമെന്ന് വന്‍ വിഹാര്‍ അധികൃതര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. 

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലുള്ളവരാണ് ഈ കടുവ കൊലപ്പെടുത്തിയവരില്‍ രണ്ടുപേര്‍. 2019 ജനുവരി 31 ന് പിടികൂടിയ കടുവയുടെ കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിരുന്നു. ഇതിന് ശേഷം നടത്തിയ നിരീക്ഷണത്തില്‍ കടുവ തുടര്‍ച്ചയായി ജനവാസമേഖലയിലെത്തിയതായി കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് വന്‍വിഹാറിന്‍റെ അടച്ചിട്ട അന്തരീക്ഷത്തിലേക്ക് നരഭോജി കടുവയെ മാറ്റിയത്.