ചണ്ഡിഗഡ്: മുൻവൈരാ​ഗ്യത്തെ തുടർന്ന് ദളിത് യുവാവിനെ ക്രൂരമായി മർ‍ദ്ദിച്ചതായി പരാതി. പഞ്ചാബിലെ സൻഗ്രൂരിലാണ് സംഭവം. ജഗ്മയിൽ സിം​ഗ് എന്ന യുവാവിനെയാണ് നാലുപേർ ചേർന്ന് മർദ്ദിക്കുകയും മൂത്രംകുടിപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ റിങ്കു, അമർജിത് സിങ്, ലക്കി, ബീട്ട എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

നവംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് പേർ ചേർന്ന് ജഗ്മയിലിനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് ഡിഎസ്പി ബുത്ത സിങ് പറഞ്ഞു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നാല് പേർക്കെതിരെ കേസെടുത്തുവെങ്കിലും ഇവരെ പിടികൂടാനായിട്ടില്ല. നേരത്തെ റിങ്കുവും ജഗ്മയിലും തമ്മിലുണ്ടായിരുന്ന പ്രശ്നം പരിഹരിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു.

'ഒക്ടോബർ 21നായിരുന്നു റിങ്കുവും ജഗ്മയിലും തമ്മിൽ തർക്കം നടന്നത്. ഇത് പരിഹരിച്ചിരുന്നെങ്കിലും നംവബർ ഏഴിന് രാവിലെ ജഗ്മയിലിന്‍റെ വീട്ടിലെത്തിയ റിങ്കുവും അമർജിത്തും ചേർന്ന് ഇയാളെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് നാല് പേരും ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി' പൊലീസ് പറയുന്നു.

'വടികൾ ഉപയോഗിച്ചാണ് മർദ്ദിച്ചത്. കുടിക്കാനായി വെള്ളം ചോദിച്ചപ്പോൾ, അവരെന്നെക്കൊണ്ട് മൂത്രം കുടിപ്പിച്ചു.' യുവാവ് പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അന്വേഷണ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.