തേനി: തമിഴ്‍നാട് തേനിയിൽ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം നാലായി. നാല് പേർ ചികിത്സയിലുമാണ്. കൊവിഡ് പരിശോധന മറികടക്കാൻ കാട്ടുപാതയിലൂടെ പോയവരാണ് അപകടത്തിൽപ്പെട്ടത്. ഇടുക്കി പൂപ്പാറ പേത്തൊട്ടിയിലെ തേയിലത്തോട്ടത്തിൽ നിന്ന് ജോലികഴിഞ്ഞ് കാട്ടുപാതിയിലൂടെ തേനി രാസിങ്കപുരത്തേക്ക് പോയവരാണ് കാട്ടുത്തീയിൽപ്പെട്ടത്. 

കൊവിഡ് പശ്ചാത്തലത്തിൽ തോട്ടംതൊഴിലാളികളെ കേരളത്തിലേക്ക് പോകുന്നത് തമിഴ്നാട് വിലക്കിയിരുന്നു. ബോഡിമേട്ട് ചെക്ക്പോസ്റ്റിൽ പരിശോധനയുള്ളതിനാൽ കാട്ടുപാതയായ ജണ്ടാർ നിരപ്പ് വഴി അനധികൃതമായാണ് ഇവർ വന്നതും പോയതും. പത്ത് പേരാണ് ആകെ സംഘത്തിലുണ്ടായിരുന്നത്. 

രാസിങ്കപുരം സ്വദേശികളായ വിജയമണി, മഹേശ്വരി, മഞ്ജുള, മൂന്നുവയസ്സുകാരി കൃതിക എന്നിവരാണ് മരിച്ചത്. തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരിൽ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് പേർ ഓടി രക്ഷപ്പെട്ടിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സിന് തീയണക്കാനായത്.