വിദേശത്തുള്ള കുപ്രസിദ്ധ ​ഗുണ്ടാത്തലവൻ ദീപക് നന്ദാളിന്റെ സംഘവും പൊലീസും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോർട്ട്. ഒരു സ്കോർപിയോ കാറിൽ ആയുധങ്ങളുമായി ​ഗുണ്ടാസംഘം ​ഗുരു​ഗ്രാമിലെ വ്യവസായിയുടെ വീട്ടിലേക്ക് വരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ഗുരു​ഗ്രാം: ഹരിയാണയിലെ ഗുരു​ഗ്രാമിൽ പൊലീസും ​ഗുണ്ടാസംഘവുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ​ഗുണ്ടകൾ കൊല്ലപ്പെട്ടു. വെടിവെപ്പിൽ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ ​ഗുരു​ഗ്രാമിലെ സുശാന്ത് ലോക് ഫേസ്-2 മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിദേശത്തുള്ള കുപ്രസിദ്ധ ​ഗുണ്ടാത്തലവൻ ദീപക് നന്ദാളിന്റെ സംഘവും പൊലീസും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോർട്ട്. ഒരു സ്കോർപിയോ കാറിൽ ആയുധങ്ങളുമായി ​ഗുണ്ടാസംഘം ​ഗുരു​ഗ്രാമിലെ വ്യവസായിയുടെ വീട്ടിലേക്ക് വരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതോടെ രാത്രി തന്നെ പൊലീസും ഇവിടേക്ക് പുറപ്പെട്ടു. ​ഗുരു​ഗ്രാമിലെ സുശാന്ത് ലോകിലെത്തിയപ്പോൾ ​ഗുണ്ടാസംഘം വ്യവസായിയുടെ വീടിന് നേരേ വെടിയുതിർക്കുന്നതാണ് പൊലീസ് കണ്ടത്. ഇതോടെ പൊലീസുകാർ ​ഗുണ്ടകളെ വളഞ്ഞ് കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതിരുന്ന ​ഗുണ്ടാസംഘം പൊലീസിന് നേരേയും വെടിയുതിർക്കുകയായിരുന്നു. ഇതോടെ പൊലീസും തിരിച്ചടിച്ചു.

ഇരുവിഭാ​ഗവും തമ്മിൽ ഏകദേശം 60 റൗണ്ടോളം വെടിവെപ്പുണ്ടായെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇതിനിടെ പൊലീസിന്റെ വെടിയേറ്റ് അഞ്ച് ​ഗുണ്ടകൾക്ക് പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേർ മരിച്ചിരുന്നു. വെടിവെപ്പിൽ പരിക്കേറ്റ മൂന്ന് പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചവരാണ് വ്യാഴാഴ്ച രാത്രി വീട്ടിലെത്തി വെടിവെപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വിദേശത്തിരുന്ന് ക്രിമിനൽസംഘങ്ങളെ നിയന്ത്രിക്കുന്ന ദീപക് നന്ദാളിൽനിന്ന് വ്യവസായിക്ക് പല തവണ ഭീഷണികളുണ്ടായിരുന്നു. ഇതിന്റെ ഭാ​ഗമായാണ് കഴിഞ്ഞദിവസം വ്യവസായിയുടെ വീട്ടിലെത്തി ​ഗുണ്ടാസംഘം ആക്രമണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

​ഗുണ്ടാസംഘം സഞ്ചരിച്ചിരുന്ന കാറും ഇവരുടെ കൈവശമുണ്ടായിരുന്ന വിദേശനിർമിത തോക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് ഫൊറൻസിക് സംഘവും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കൊല്ലപ്പെട്ട ​ഗുണ്ടകളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.