ലതീഹാര്‍: ജാര്‍ഖണ്ഡിലെ ലതീഹാറില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു. എഎസ്ഐ ഉള്‍പ്പെടെയുള്ളവരെയാണ് മാവോയിസ്റ്റുകള്‍ വധിച്ചത്. ചന്ദ്‍വ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച രാത്രിയാണ് പട്രോളിംഗ് നടത്തിയ പൊലീസുകാര്‍ക്ക് നേരെ ആക്രമണമുണ്ടായത്. സംഘത്തിലുണ്ടായിരുന്ന ഒരു പൊലീസുകാരന്‍ പ്രാഥമിക കൃത്യത്തിന് പുറത്തുപോയതിനാല്‍ രക്ഷപ്പെട്ടു. പട്രോളിംഗ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ആക്രമണത്തെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് അപലപിച്ചു. നവംബര്‍ 30നാണ് ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പിന് തുടക്കം കുറിക്കുന്നത്. അതേസമയം, ഛത്തീസ്ഗഢിലെ സുക്മയില്‍ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ മൂന്ന് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് ബസ്തര്‍ വനമേഖലയില്‍ പൊലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടലുണ്ടായത്.