കശ്മീരിലെ കിഷ്ത്വാറില്‍വച്ച് ഭീകരരുടെ വെടിയേറ്റ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ നാല് ഭീകരെ ജമ്മു കശ്മീരില്‍ പൊലീസ് തരിച്ചറിഞ്ഞു. സംഭവത്തില്‍ ആര്‍എസ്എസ് നേതാവ് ചന്ദ്രകാന്ത് ശര്‍മയ്ക്കൊപ്പം ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. 

ശ്രീനഗര്‍: കശ്മീരിലെ കിഷ്ത്വാറില്‍വച്ച് ഭീകരരുടെ വെടിയേറ്റ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ നാല് ഭീകരെ ജമ്മു കശ്മീരില്‍ പൊലീസ് തരിച്ചറിഞ്ഞു. സംഭവത്തില്‍ ആര്‍എസ്എസ് നേതാവ് ചന്ദ്രകാന്ത് ശര്‍മയ്ക്കൊപ്പം ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. ഏറ്റവും പുതിയ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ ബിജെപി-ആര്‍എസ്എസ്-വിഎച്ച്പി നേതാക്കളെ ഭീകരര്‍ ഉന്നംവച്ചതായും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഭീകരരുടെ കയ്യില്‍ വലിയ അളവില്‍ ആയുധ ശേഖരമുള്ളതായും പൊലീസിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. മുന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്ന നവിദ് എന്നയാള്‍ ഭീകരവാദികള്‍ക്കൊപ്പം ചേര്‍ന്ന് ഷോപ്പിയാന്‍ മേഖലയില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ആര്‍എസ്എസ് അടക്കമുള്ള ഹിന്ദു സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരെയാണ് ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നതെന്നാണ് വിവരം.

ചന്ദ്രകാന്ത് ശര്‍മ കഴിഞ്ഞ ആഴ്ചയാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കിഷ്ത്വാറിലെ ഹെല്‍ത്ത് സെന്ററില്‍ വച്ചാണ് ശര്‍മയ്ക്കും സുരക്ഷാ ഗാര്‍ഡിനും നേരെ ഭീകരരര്‍ വെടിവെപ്പ് നടത്തിയത്. സുരക്ഷാ ഗാര‍്ഡിന്‍റെ തോക്ക് പിടിച്ചുവാങ്ങിയായിരുന്നു ആക്രമണം.

ഗുരുതരമായ പരിക്കേറ്റ ശര്‍മയെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് ജമ്മു മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുരക്ഷാ ഗാര്‍ഡ് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ താഴ്‌വരയില്‍ അധികൃതര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പലയിടത്തും ക്രമസമാധാന ചുമതല സൈന്യത്തെ ഏല്‍പ്പിച്ചിട്ടുണ്ട്. 

ചന്ദ്രകാന്തിനെ നിരീക്ഷിച്ചുവന്ന ഭീകരര്‍ ഹെല്‍ത്ത് സെന്ററില്‍ എത്തിയ സമയത്ത് വെടിവെപ്പ് നടത്തുകയായിരുന്നു. ആര്‍എസ്എസ് നേതാവിനുനേരെ വെടിവച്ചശേഷം സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് ഭീകരര്‍ സ്ഥലത്തുനിന്ന് കടന്നു. കഴിഞ്ഞ നവംബര്‍ ഒന്നിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ പരീഹര്‍, സഹോദരന്‍ അജിത്ത് എന്നിവരെ ഭീകരവാദികള്‍ വെടിവച്ച് കൊന്നിരുന്നു. വ്യാപാര സ്ഥാപനത്തില്‍നിന്ന് മടങ്ങവെ ആയിരുന്നു വെടിവെപ്പ്.