പുലർച്ചെ ഒന്നരയോടെയാണ് വലിയ അപകടം സംഭവിച്ചത്. ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.

മുംബൈ: താനെയിൽ അർദ്ധരാത്രിക്ക് ശേഷമുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. മുംബൈ-നാസിക് പാതയായ ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ പുലർച്ചെ 1.26നായിരുന്നു സംഭവം. താനെയിലെ കാഡ്ബറി ജംഗ്ഷൻ പാലത്തിൽ വെച്ചാണ് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന നാല് വാഹനങ്ങൾ കൂട്ടിയിടിച്ചത്. 

അപകടത്തെ തുടർന്ന പ്രദേശത്ത് കുറച്ച് നേരം ഗതാഗത തടസമുണ്ടാവുകയും ചെയ്തു. ഒരു ഹെവി ട്രെയിലർ, ഒരു ടെമ്പോ, ടാറ്റ പഞ്ച് കാർ, ഒരു ടിപ്പർ എന്നിവയാണ് കൂട്ടിയിടിച്ചത്. ഏറ്റവും മുന്നിൽ സഞ്ചരിക്കുകയായിരുന്ന ട്രെയിലർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ തൊട്ടുപിന്നാലെ വരികയായിരുന്ന ടാറ്റ പഞ്ച് കാർ ട്രെയിലറിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതോടൊപ്പം കാറിന് തൊട്ട് പിറകിൽ വരികയായിരുന്ന ടെമ്പോ, കാറിന്റെ പിന്നിലേക്കും ഇടിച്ച് കയറി. ഈ ടെമ്പോയുടെ പിന്നിൽ മറ്റൊരു ടിപ്പറും ഇടിച്ചു.

നാല് വാഹനങ്ങൾ കൂട്ടിയിച്ചുണ്ടായ അപകടത്തിൽ കാറിൽ യാത്ര ചെയ്തിരുന്നവ‍ർക്കാണ് പരിക്കേറ്റത്. ഒരു കുട്ടി ഉൾപ്പെടെ ആറ് പേർക്ക് പരിക്കുണ്ട്. ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കാറിലുണ്ടായിരുന്നവരെ ബെഥനി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ട്രെയിലറും ടെമ്പോയും കെട്ടിവലിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പൂർവസ്ഥിതിയിലാക്കാൻ കഴി‌ഞ്ഞത്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. വാഹനത്തിന്റെ വേഗതയോ, ഡ്രൈവറുടെ അശ്രദ്ധയോ റോഡിന്റെ സാഹചര്യമോ ഏതാണ് അപകടത്തിന് വഴിവെച്ചതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം