ദില്ലി: മെട്രോ ട്രെയിനുകളിലും ബസുകളിലും സ്‌ത്രീകള്‍ക്ക്‌ സൗജന്യയാത്ര ഏര്‍പ്പെടുത്താനുള്ള അരവിന്ദ്‌ കെജ്രിവാള്‍ സര്‍ക്കാരിന്റെ തീരുമാനം വിവാദത്തില്‍. പദ്ധതിയെ എതിര്‍ത്ത്‌ സ്‌ത്രീകളടക്കം രംഗത്തെത്തി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുള്ള നീക്കമാണ്‌ ആം ആദ്‌മി പാര്‍ട്ടി നടത്തുന്നതെന്ന്‌ ബിജെപിയും ആരോപിച്ചു.

ഞായറാഴ്‌ച്ചയാണ്‌ സ്‌ത്രീകളുടെ സൗജന്യയാത്രാ പദ്ധതിയെക്കുറിച്ച്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍ പ്രഖ്യാപനം നടത്തിയത്‌. സ്‌ത്രീകള്‍ക്ക്‌ സുരക്ഷിതയാത്ര ഉറപ്പാക്കുകയും പൊതുഗതാഗതസംവിധാനം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയുമാണ്‌ പദ്ധതിയുടെ ലക്ഷ്യമെന്നാണ്‌ അദ്ദേഹം വിശദീകരിച്ചത്‌. സ്‌ത്രീകളുടെ യാത്രാനിരക്കില്‍ വരുന്ന ചെലവ്‌ സംസ്ഥാനസര്‍ക്കാര്‍ വഹിക്കുമെന്നും കെജ്രിവാള്‍ അറിയിച്ചിരുന്നു.

സര്‍ക്കാരിന്‌ അനാവശ്യ ബാധ്യത വരുത്തിവയ്‌ക്കുന്ന പദ്ധതിയാണിതെന്നാണ്‌ ഉയരുന്ന പ്രധാന വിമര്‍ശനം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പുരുഷന്മാരെ പദ്ധതിയുടെ ഭാഗമാക്കാത്തതിനാല്‍ ലിംഗസമത്വം എങ്ങനെ നടപ്പാകുമെന്നും ചോദ്യങ്ങളുയരുന്നുണ്ട്‌. സാമ്പത്തികശേഷിയില്ലാത്തവരാണ്‌ തങ്ങളെന്ന പൊതുധാരണ ഉണ്ടാക്കാനേ പദ്ധതി ഉപകരിക്കൂ എന്നാണ്‌ ഇതിനെ എതിര്‍ക്കുന്ന സ്‌ത്രീകളുടെ വാദം. സമൂഹമാധ്യമങ്ങളിലും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞു.

പദ്ധതി ഒന്നോ രണ്ടോ മാസത്തിനകം നടപ്പാക്കുമെന്നാണ്‌ മുഖ്യമന്ത്രി അറിയിച്ചത്‌. വോട്ട്‌ നേടാനുള്ള ആം ആദ്‌മി സര്‍ക്കാരിന്റെ ഗതികെട്ട നീക്കമാണ്‌ പുതിയ പദ്ധതിയെന്നാണ്‌ ബിജെപി ആരോപിക്കുന്നത്‌. സ്‌ത്രീകള്‍ക്ക്‌ സൗജന്യയാത്ര അനുവദിക്കുന്നതിനോട്‌ എതിര്‍പ്പില്ല. എന്നാല്‍, അതിന്‌ പര്യാപ്‌തമായ സാമ്പത്തിക സുസ്ഥിരതയോ ആവശ്യത്തിന്‌ ബസ്സുകളോ ദില്ലിയില്‍ ഇല്ലെന്നും ബിജെപി ദില്ലി അധ്യക്ഷന്‍ മനോജ്‌ തിവാരി അഭിപ്രായപ്പെട്ടു.