മുംബൈ: ആര്‍ട്ടിക്കിള്‍ 19 പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യം പൂര്‍ണമായ അവകാശമല്ലെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മകന്‍ ആദിത്യ താക്കറെ എന്നിവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ വനിതക്കെതിരെയുള്ള കേസില്‍ ഇടക്കാല സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. മുംബൈ, പാല്‍ഘര്‍ പൊലീസാണ് സുനൈന ഹോളി എന്ന യുവതിക്കെതിരെ കേസ് ചാര്‍ജ് ചെയ്തത്.

ഇടക്കാല സുരക്ഷ വേണമെന്ന യുവതിയുടെ ആവശ്യം കോടതി തള്ളി. അടുത്ത രണ്ടാഴ്ചത്തേക്ക് ഇവരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊലീസിന്റെ അന്വേഷണത്തോട് യുവതി പൂര്‍ണമായി സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. രണ്ടാഴ്ച കാലയളവില്‍ പൊലീസ് നടപടി സ്വീകരിക്കുകയോ അവകാശങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ യുവതിക്ക് എപ്പോള്‍ വേണമെങ്കിലും കോടതിയെ സമീപിക്കാമെന്നും ബെഞ്ച് അറിയിച്ചു. 

കേസില്‍ നിന്നൊഴിവാക്കുകയോ അല്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുകയോ വേണമെന്നാവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. വിവിധ വ്യക്തികള്‍ നല്‍കിയ പരാതിയില്‍ മൂന്ന് പൊലീസ് സ്റ്റേഷനുകളിലാണ് യുവതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്വിറ്ററിലാണ് നവി മുംബൈ സ്വദേശിയായും 38കാരിയുമായ സുനൈന ഉദ്ധവ് താക്കറെക്കും മകനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം ഉന്നയിച്ചത്.

ഐപിസി 505(2), 152(എ) വകുപ്പുകള്‍ പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ജൂലായ് 25 മുതല്‍ 28 വരെ തുടരെ തുടരെയുള്ള ട്വീറ്റുകളില്‍ മോശമായ കാര്‍ട്ടൂണടക്കം ഇരുവര്‍ക്കുമെതിരെ പ്രചരിപ്പിച്ചുവെന്നും പ്രൊസിക്യൂഷന്‍ ആരോപിച്ചു. ഭരണഘടന ഉറപ്പ്  അഭിപ്രായ സ്വാതന്ത്ര്യം യുവതിക്ക് ഹനിക്കപ്പെട്ടുവെന്ന് അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, യാതൊരു നിയന്ത്രണവുമില്ലാതെ അഭിപ്രായ സ്വാതന്ത്ര്യം പൂര്‍ണമായ അവകാശമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസ് റദ്ദാക്കണമെന്ന യുവതിയുടെ ആവശ്യം 29ന് പരിഗണിക്കും.