മഴ പെയ്യിക്കാൻ മണ്ഡൂക പരിണയം (തവള കല്ല്യാണം) നടത്തിയാൽ മതിയെന്നാണ് നാട്ടുകാരുടെ വിശ്വാസം. മഴ പെയ്യിക്കുന്നതിന് പരമ്പരാഗതമായി നടത്തി വരുന്ന ആചാരമാണ് മണ്ഡൂക പരിണയം.
മംഗളൂരു: മഴ ദേവതകളെ പ്രീതിപ്പെടുത്താൻ തവളകളെ വിവാഹം കഴിപ്പിച്ച് വ്യത്യസ്തരാകുകയാണ് ഒരുകൂട്ടം നാട്ടുകാർ. കർണാടകയിലെ ഉടുപ്പിയിലാണ് സംഭവം. മഴ പെയ്യിക്കാൻ 'മണ്ഡൂക പരിണയം' (തവള കല്ല്യാണം) നടത്തിയാൽ മതിയെന്നാണ് നാട്ടുകാരുടെ വിശ്വാസം. മഴ പെയ്യിക്കുന്നതിന് പരമ്പരാഗതമായി നടത്തി വരുന്ന ആചാരമാണ് മണ്ഡൂക പരിണയം.
ഉടുപ്പി നാഗരിക വേദിക (ഉടുപ്പി സിറ്റിസൻ ഫോറം)യുടെ നേതൃത്വത്തിലാണ് മണ്ഡൂക പരിണയം നടത്തിയത്. അമിത ചൂടും കുടിവെള്ള പ്രശ്നവും കാരണം ബുദ്ധിമുട്ടിലായ ഉടുപ്പിയിലെ തീരദേശവാസികളാണ് ശനിയാഴ്ച്ച രണ്ട് തവളകളെ പിടിച്ച് വിവാഹം കഴിപ്പിച്ചത്. കൽസാങ്ക, കീലിഞ്ച് എന്നിങ്ങനെ രണ്ട് ഗ്രാമങ്ങളിൽ നിന്നാണ് ആൺ തവളയേയും പെൺ തവളയേയും പിടിച്ചത്.
വരനേയും വധുവിനേയും പോലെ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് വളരെ ഹിന്ദു ആചാരപ്രകാരമാണ് തവള കല്ല്യാണം നടത്തിയത്. ആൺ തവളയ്ക്ക് വരുൺ എന്നും പെൺ തവളയ്ക്ക് വർഷ എന്നും പേരിട്ടായിരുന്നു വിവാഹം. നൂറോളം ആളുകളാണ് തവളകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. വിവാഹം കഴിഞ്ഞ് തവളകളെ മധുവിധു ആഘോഷിക്കുന്നതിനായി മണിപ്പാലിന് സമീപത്തുള്ള മന്നപ്പല്ലയിലേക്ക് പറഞ്ഞയക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
