Asianet News MalayalamAsianet News Malayalam

എഐയ്ക്ക് വാട്ടർമാർക്ക് നിർബന്ധമാക്കണമെന്ന് മോദി; സാങ്കേതിക രംഗത്ത് ഇന്ത്യയുടെ കുതിപ്പെന്ന് ബിൽ ഗേറ്റ്സ്

ഇന്ത്യയുടെ ഡിജിറ്റൽ രം​ഗത്ത് വിപ്ലവകരമായ മാറ്റമുണ്ടായിട്ടുണ്ടെന്ന് ബിൽ ​ഗേറ്റ്സ്

From AI to Global Warming PM Modi  Bill Gates discussion SSM
Author
First Published Mar 29, 2024, 11:18 AM IST

ദില്ലി: എഐ നിർമിത ഉള്ളടക്കങ്ങള്‍ക്ക് വാട്ടർമാർക്ക് നിർബന്ധമാക്കണമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സുമായുള്ള ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. എഐയുടെ ഉപയോഗം വലിയ വെല്ലുവിളിയാണ്. ഡീപ്പ് ഫേക്ക് തട്ടിപ്പുകള്‍ തുടക്കത്തിലേ തടയണമെന്നും മോദി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ യുട്യൂബിൽ പുറത്തുവിട്ടു. 

ഈയിടെ ഇന്ത്യയിലെത്തിയ ബിൽ ​ഗേറ്റ്സുമായി ഔദ്യോ​ഗിക വസതിയിൽ നടത്തിയ ചർച്ചയുടെ മുക്കാൽ മണിക്കൂറുള്ള വീഡിയോയാണ് നരേന്ദ്ര മോദി യൂട്യൂബിലൂടെ പങ്കുവച്ചത്. നിർമ്മിത ബുദ്ധി, ആഗോള താപനം, ജി 20, കൊവിഡ് പ്രതിരോധം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായ കൂടികാഴ്ചയിൽ ഇന്ത്യയിലെ ക്ഷേമ പദ്ധതികൾ മോദി വിശദീകരിച്ചു.  സൈബർ രംഗത്ത് സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മോദി വിശദമായി സംസാരിച്ചു.

ഇന്ത്യയില്‍ കുട്ടികൾ ജനിക്കുമ്പോൾ തന്നെ എഐ എന്ന് പറയുന്നു, എഐ വളരെ നല്ല സം​ഗതിയാണ് എന്നാൽ ശരിയായ പരിശീലനം ലഭിക്കാത്തവരുടെ കൈയിലെത്തിയാൽ ദുരുപയോ​ഗം ചെയ്യും, എഐ ഉള്ളടക്കങ്ങൾ തിരിച്ചറിയാൻ വാട്ടർമാർക്ക് നൽകണം. എഐ ഉപയോഗിച്ച് എന്തൊക്കെ ചെയ്യാം, എന്തൊക്കെ അരുത് എന്ന ബോധവൽക്കരണം നടത്തണമെന്ന് മോദി ആവശ്യപ്പെട്ടു.  ആ​ഗോള താപനത്തെ കുറിച്ച് ലോകം കൂടുതൽ ചർച്ച ചെയ്യണം. എല്ലാവർക്കുമൊപ്പമുള്ള വികസനമാണ് ഇന്ത്യയുടെ ലക്ഷ്യം. തന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ വരുമ്പോൾ ​ഗർഭാശയ ക്യാൻസർ തടയാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും മോദി പറഞ്ഞു.

ഇന്ത്യയുടെ ഡിജിറ്റൽ രം​ഗത്ത് വിപ്ലവകരമായ മാറ്റമുണ്ടായിട്ടുണ്ടെന്ന് ബിൽ ​ഗേറ്റ്സ് പ്രതികരിച്ചു. സാങ്കേതികവിദ്യ അതിവേഗം സ്വീകരിക്കാനുള്ള ഇന്ത്യക്കാരുടെ കഴിവിനെ അദ്ദേഹം പ്രശംസിച്ചു. ഡിജിറ്റൽ രംഗത്ത് ഇന്ത്യ മറ്റുപല രാജ്യങ്ങളേക്കാൾ നേട്ടം കൈവരിച്ചു. ഇന്ത്യ സാങ്കേതികവിദ്യയെ സ്വീകരിക്കുക മാത്രമല്ല, ആ മേഖലയിൽ മുന്നിൽ നിന്ന് നയിക്കുകയും ചെയ്യുന്നുവെന്ന് ബിൽ ഗേറ്റ്സ് പ്രതികരിച്ചു. 

2023ലെ ജി20 ഉച്ചകോടിയിൽ താൻ എഐ എങ്ങനെ ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിൽ ഗേറ്റ്സിനോട് പറഞ്ഞു. കാശി തമിഴ് സംഗമം പരിപാടിയിൽ എഐ ഉപയോഗിച്ച് തൻ്റെ ഹിന്ദി പ്രസംഗം തമിഴിലേക്ക് വിവർത്തനം ചെയ്തതും ചൂണ്ടിക്കാട്ടി. 2019ൽ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് അക്ഷയ് കുമാറുമായും ബെയർ ഗ്രിൽസുമായുള്ള മോദിയുടെ അഭിമുഖങ്ങൾ തയ്യാറാക്കിയിരുന്നു.  യുവ, മധ്യവർഗ്ഗ വോട്ടർമാരിലേക്കിറങ്ങുക എന്ന ലക്ഷ്യമാണ് ബിൽ ഗേറ്റ്സുമായുള്ള കൂടിക്കാഴ്ചയിലും പ്രകടമാകുന്നത്.

 

Follow Us:
Download App:
  • android
  • ios