'അഴിമതിക്കാരന്‍' എന്നാണ് സ്റ്റാലിന്‍ ബാലാജിയെ അന്ന് വിശേഷിപ്പിച്ചത്. എന്നാല്‍, ഇതേ കേസില്‍ ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോള്‍ സ്റ്റാലിന്‍ കളംമാറ്റി.
രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും സ്പന്ദനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ഇറങ്ങിച്ചെല്ലുകയാണ്. രാജ്യമെങ്ങുമുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ലേഖകര്‍ പറയുന്ന, അധികാരത്തിന്റെ ഇടനാഴികളില്‍നിന്നുള്ള ചില കഥകളാണിത്. 'ഫ്രം ദി ഇന്ത്യാ ഗേറ്റി'ന്റെ പുതിയ എപ്പിസോഡ്.

സഖാക്കള്‍ മൗനവ്രതത്തിലാണ്
ആകാശത്തിനു കീഴിലുള്ള എന്തിനെക്കുറിച്ചും അഭിപ്രായം പറയുന്ന ആളാണ് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പക്ഷേ, കേരളത്തില്‍ മാധ്യമങ്ങളുടെ വായ മൂടാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് ചോദിച്ചു നോക്കൂ, ആ നിമിഷം അടയും, വായ.
ഉന്നതവിദ്യാഭ്യാസ തട്ടിപ്പുമായി ബന്ധപ്പെട്ട് എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് ലേഖികയെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടുന്നതിനെക്കുറിച്ച് യെച്ചൂരിയോട് അഭിപ്രായം ചോദിച്ചതാണ്, ദേശീയ മാധ്യമങ്ങള്‍. 'സംസ്ഥാനത്തെക്കുറിച്ച് എന്തിന് പറയണം, കേ്രന്ദ സര്‍ക്കാറിന്റെ മാധ്യമ വേട്ടയെക്കുറിച്ച് പറയൂ,'-വാ അടച്ചുതന്നെ വന്നു, അഴകൊഴമ്പന്‍ മറുപടി.
പ്രകാശ് കാരാട്ടിന്റെ പ്രതികരണവും സമാനമായിരുന്നു, ഇടതുപക്ഷം സദാ മാധ്യമസ്വാതന്ത്ര്യത്തിനൊപ്പമാണത്രെ! സ്വന്തം സംസ്ഥാനത്ത് സ്വന്തം സര്‍ക്കാര്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു നേരെ കണ്ണടച്ചുള്ള മറുപടി.
ദേശീയ വിഷയങ്ങളില്‍ സദാ പ്രതികരിക്കുന്ന വൃന്ദ കാരാട്ട്, ആനി രാജ തുടങ്ങിയ ഇടതുനാവുകള്‍ക്കും മൗനവ്രതമാണ്. സഖാക്കന്‍മാരുടെ അണ്ണാക്കിലെന്താ പിണ്ണാക്കുണ്ടോ?

എക്‌സ്പയറി ഡേറ്റ്!
വിഴുപ്പലക്കല്‍ ഒരു രാഷ്ട്രീയ നേരമ്പോക്ക് കൂടിയാണ്. തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഡിഎംകെ നടപടി പരിഹാസ്യമാവുന്നത് ഈ പശ്ചാത്തലത്തിലാണ്.
അടിയന്തിര ഹൃദയശസ്ത്രക്രിയ വേണമെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ബാലാജിയെ ഡിഎംകെയുടെ ഏതാണ്ടെല്ലാ മുതിര്‍ന്ന നേതാക്കളും സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി സ്റ്റാലിനാവട്ടെ, ബാലാജിയ്ക്കു പിന്നില്‍ കട്ടയ്ക്ക് ഉറച്ചു നില്‍ക്കുകയാണ്.
എന്നാല്‍, സ്റ്റാലിനും ഡി എം കെയ്ക്കും ബാലാജിയോടുള്ള നിലപാട് എന്നും ഇങ്ങനെയായിരുന്നില്ല. ബാലാജി എ ഐ ഡി എം കെയിലായിരിക്കുമ്പോള്‍ ഇതേ വിഷയത്തില്‍ സ്റ്റാലിന്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്, അദ്ദേഹം മറന്നാലും പൊതുജനം മറക്കാനിടയില്ല.
'അഴിമതിക്കാരന്‍' എന്നാണ് സ്റ്റാലിന്‍ ബാലാജിയെ അന്ന് വിശേഷിപ്പിച്ചത്. എന്നാല്‍, ഇതേ കേസില്‍ ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോള്‍ സ്റ്റാലിന്‍ കളംമാറ്റി. അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്, കേന്ദ്ര സര്‍ക്കാറിന്റെ ഗൂഡാലോചന ആയാണ്. കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ നടത്തുന്ന ആക്രമണമായും സ്റ്റാലിന്‍ ഇതിനെ വിശേഷിപ്പിച്ചു.
ഏത് ആരോപണങ്ങള്‍ക്കും ഒരു കാലാവധി ഉണ്ട് എന്നാവണം സ്റ്റാലിന്‍ തെളിയിക്കുന്നത്.
ഐ എ എസ് -ഐ പി എസ് പോര്
ഐ എ എസുകാരനും ഐ പി എസുകാരനും ഏറ്റുമുട്ടിയാല്‍ ആരു ജയിക്കും?. ഇക്കഴിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പു കാലത്ത്, സിവില്‍ സര്‍വീസ് വൃത്തങ്ങള്‍ ഉറ്റുനോക്കിയിരുന്ന ഈ കൗതുകം ഇപ്പോള്‍ അതിര്‍ത്തി കടന്ന് തമിഴകത്തേക്കും വരികയാണ്.
കര്‍ണാടക തെരഞ്ഞെടുപ്പിലാണ് ഐ എ എസ് -ഐ പി എസ് പോര് ജനം കണ്ടത്. തമിഴ്‌നാട്ടില്‍നിന്നുള്ള മുന്‍ ഐ പി എസുകാരനായിരുന്നു ഇവിടെ ബി.ജെ.പി പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ മുന്‍ എ എ എസുകാരനാവട്ടെ കോണ്‍ഗ്രസ് ക്യാമ്പില്‍ തന്ത്രങ്ങള്‍ ചമച്ചു.
ഫലം വന്നപ്പോള്‍, ഐ പി എസ് തന്ത്രങ്ങള്‍ പൊട്ടി, ഐ എ എസ് ബുദ്ധി വിജയം കണ്ടു.
അതു കഴിഞ്ഞപ്പോള്‍, ഇരു ബുദ്ധികേന്ദ്രങ്ങളും കണ്ണുവെക്കുന്നത് തമിഴ് നാട്ടിലേക്കാണ്. ലോക് സഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. കര്‍ണാടക തന്ത്രങ്ങള്‍ അതേപടി തമിഴകത്ത് കോപ്പിയടിക്കാനാണ് ഇരു പാര്‍ട്ടികളുടെയും പരിപാടി. ദക്ഷിണ കന്നഡയിലെ ഡെപ്യൂട്ടി കമീഷണറായിരിക്കെ വിരമിച്ച 2009 ബാച്ച് ഐ എ എസുകാരന്‍, തന്റെ തമിഴ്‌വേരുകള്‍ ഉപയോഗിച്ച് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താമെന്ന വിശ്വാസത്തിലാണ്. സ്വന്തം മണ്ണില്‍ വിജയിച്ചു കാണിച്ചു കൊടുക്കാനാണ് ഐ പി എസുകാരന്റെ ശ്രമം.
ഐ പി എസ്- ഐ എ എസ് ബുദ്ധികള്‍ ഏറ്റുമുട്ടിയാല്‍ തമിഴ് വോട്ടര്‍മാര്‍ എന്തായിരിക്കും മറുപടി കൊടുക്കുക? കണ്ടറിയണം.
അസ്തിത്വ പ്രതിസന്ധി!
രണ്ട് മുന്‍ ഐ എ എസുകാര്‍. സല്‍പ്പേരുമായി സര്‍വീസ് വിട്ടവര്‍. ഇപ്പോള്‍, അവര്‍ യു പി വ്യവസായ വികസനത്തിനുള്ള യോഗിയുടെ ടീമിലെ ഉപദേശകരാണ്.
മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി അവ്‌നീഷ് കുമാറാണ് ഒരാള്‍. മറ്റേയാളും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി. പേര് അരവിന്ദ് കുമാര്‍. ഇരുവരെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം ടീമിലേക്ക് ഉപദേശകരായി കൊണ്ടുവന്നിരിക്കുകയാണ്. വ്യവസായ വികസനത്തിനായി ഇരുവരുടെയും കഴിവുകള്‍ ഉപയോഗപ്പെടുത്താനാണ് ശ്രമം.
എന്നാല്‍, നിലവിലുള്ള ബ്യൂറോക്രാറ്റിക് നേതൃത്വം അവരുടെ മുന്‍ കൈയില്‍ കാര്യങ്ങള്‍ നീക്കിക്കൊണ്ടിരിക്കെ, ഈ പഴയ സിംഹങ്ങളുടെ ഗതി എന്താവുമെന്നാണ് സിവില്‍ സര്‍വീസ് രംഗത്തുള്ളവരുടെ ചോദ്യം. പുത്തന്‍ പദ്ധതികള്‍ വരുമ്പോള്‍, തങ്ങളുടെ ഇടം എന്താവുമെന്ന സന്ദേഹം ഈ മുന്‍ ഐ എ എസുകാര്‍ക്കും ഉണ്ടാവാനിടയുണ്ട് എന്നാണ് പറച്ചിലുകള്‍.
