Asianet News MalayalamAsianet News Malayalam

കൈതോലപ്പായിലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, തലയില്‍ മുണ്ടിട്ട നേതാവ്, സ്റ്റാലിന്റെ കട്ടക്കലിപ്പ്!

സ്റ്റാലിന്‍ കലിച്ചാല്‍ പിന്നെയത് താങ്ങാന്‍ പാടാണ്. മുഖ്യന്റെ വലംകൈയായി നെഞ്ചുംവിരിച്ചും നടന്ന ഡേവിഡ്‌സണ്‍ ഇപ്പോള്‍ ഡിജിപി ഓഫീസിലെ ഒരു മൂലയ്ക്കിരിക്കുകയാണ്! 

From the India Gate Asianet news political gossip column
Author
First Published Jul 3, 2023, 11:30 AM IST

രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും സ്പന്ദനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ഇറങ്ങിച്ചെല്ലുകയാണ്. രാജ്യമെങ്ങുമുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ലേഖകര്‍ പറയുന്ന, അധികാരത്തിന്റെ ഇടനാഴികളില്‍നിന്നുള്ള ചില കഥകളാണിത്. 'ഫ്രം ദി ഇന്ത്യാ ഗേറ്റി'ന്റെ പുതിയ എപ്പിസോഡ്. 
 

From the India Gate Asianet news political gossip column
 

ഓപ്പറേഷന്‍ കൈതോല

ഓപ്പറേഷന്‍ ശക്തി- പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ മുന്‍ പത്രാധിപ സമിതി അംഗവും സഖാവുമായ ജി ശക്തിധരന്റെ 'സര്‍ജിക്കല്‍ സ്‌ട്രൈക്കി'നെ ഇങ്ങനെ വിളിക്കാം. സിപിഎമ്മിന്റെ ചുവപ്പു കോട്ടകളെ വിറളി പിടിപ്പിക്കുകയാണ് ഈ ഓപ്പറേഷന്‍. 

'ദശാബ്ദങ്ങള്‍ക്കു മുമ്പ് നടന്ന കാര്യം' പറയാന്‍ സോഷ്യല്‍ മീഡിയയെയാണ് അദ്ദേഹം ഉപയോഗിച്ചത്. 'തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍വരെ പ്രശസ്തനായ' സി പി എം നേതാവിനെ കുറിച്ചാണ് പോസ്റ്റ്. രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ എണ്ണിത്തിട്ടെപ്പടുത്താന്‍ ഈ പാര്‍ട്ടി ഉന്നതനെ താന്‍ സഹായിച്ചെന്നാണ് ശക്തി പറയുന്നത്. ഒരു കൈതോലപ്പായ വാങ്ങി അതില്‍ പൊതിഞ്ഞ് ഈ തുക കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരന്‍ എഴുതി. 

സ്വാഭാവികമായും പോസ്റ്റ് വാര്‍ത്തയായി, വിവാദമായി, ശക്തിധരനെതിരെ സൈബര്‍ ആക്രമണം നടന്നു.  

ശക്തിയുടെ അടുത്ത ആരോപണം അതിലും കടുത്തു. കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലിലെ മുറിയില്‍നിന്ന് ഒരു മുന്‍ സി പി എം മന്ത്രി വനിതാ നേതാവിനൊപ്പം രക്ഷപ്പെട്ടത് ഫയര്‍ എക്‌സിറ്റ് വഴിയാണെന്നായിരുന്നു അത്. 

ഇതും വാര്‍ത്തയായി. വിവാദമായി. സൈബര്‍ ആക്രമണം രൂക്ഷമായി. 

ഇപ്പോഴത്തെ കെ പി സിസി പ്രസിഡന്റ് കെ സുധാകരനെ വധിക്കാന്‍ സി പി എം വാടകക്കൊലയാളികളെ നിയോഗിച്ചത് എങ്ങനെയെന്നായിരുന്നു അടുത്ത പോസ്റ്റ്. പാര്‍ട്ടി ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്ന സുധാകരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും പോസ്റ്റില്‍ പറയുന്നു. 

പേരക്കുട്ടിയെ പോലും വെറുതെ വിടാത്ത സൈബര്‍ ആക്രമണത്തിന്റെ സാഹചര്യത്തില്‍ വ്യക്തിഗ ഫേസ്ബുക്ക് പോസ്റ്റിംഗ നിര്‍ത്തും, ജനശക്തി പേജിലൂടെ പോരാട്ടം തുടരും എന്നതായിരുന്നു അടുത്ത പോസ്റ്റ്. 

പാര്‍ട്ടിക്കു നേരെയുള്ള ചുവപ്പ് കാര്‍ഡ്. ശരിക്കും അത് തന്നെയാണ് ഓപ്പറേഷന്‍ ശക്തി. 

 

അയ്യോ ക്യാമറ! 

കാലക്കേടിന്റെ നേരത്തെ ഒരു പരാമര്‍ശം മതി ഒരു രാഷ്ട്രീയക്കാരന് മാധ്യമങ്ങളെ ഭയക്കാന്‍. 

കര്‍ണാടകയില്‍നിന്നുള്ള ഒരു നേതാവാണ് ഒടുവില്‍ ഇക്കാര്യം തിരിച്ചറിഞ്ഞത്. ദില്ലിയിലുള്ളപ്പോള്‍ കന്നഡ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയില്ല എന്നതാണ് നേതാവിന്റെ പുതിയ നിലപാട്. ഈയടുത്ത് കിട്ടിയ കട്ടപ്പണിയാണ് പുള്ളിയെ കടുത്ത തീരുമാനത്തതില്‍ എത്തിച്ചത്. 

കാര്യമായൊന്നും പറ്റിയില്ല, ആവേശം കയറിയ നേരത്ത്, മുന്നില്‍ തല്‍സമയ ക്യാമറകളും മൈക്കും ഉണ്ടെന്ന് പുള്ളിയങ്ങ് മറന്നു. കണ്ണുംപൂട്ടി പരമോന്നത നേതാവിനെതിരെ ഒരു അടിയങ്ങ് അടിച്ചു.

പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല! ടി വി ചാനലുകള്‍ ആഘോഷമായി. നേതാവ് തലയില്‍ മുണ്ടിട്ടു. 

മീഡിയ എന്നു കേട്ടാല്‍ കണ്ടംവഴി ഓടുന്ന അവസ്ഥയിലാണ് ഇപ്പോള്‍ നമ്മുടെ നേതാവ്. 


തെരുവിലെ പൂഴിക്കടകന്‍ 

രാഷ്ട്രീയശത്രുക്കളെ ഒതുക്കാന്‍ തെരുവില്‍ ഒരു പൂഴിക്കടകന്‍ നടത്തുകയാണ് രാജസ്ഥാനിലെ ഈ ബി ജെ പി നേതാവ്. 

ദേശീയ നേതാവാണെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിലാണ് നോട്ടം. അതിനാല്‍, പാര്‍ട്ടിയിലെ മറ്റൊരു നേതാവും ചെയ്യാത്ത വിധം തെരുവിലിറങ്ങി കളിക്കുകയാണ് ഇദ്ദേഹം. പുള്ളിക്കാരന്റെ പ്രകടനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയത് ഏഴ് കേസുകളാണ്. എന്നാലും ഒരു മാറ്റവുമില്ല പുള്ളിക്ക്. 

തലവേദന ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ വലംകൈയായ നേതാവ് ഈയിടെ ചില വിശേഷപ്പെട്ട നയതന്ത്ര നീക്കങ്ങള്‍ തന്നെ നടത്തി. ബി.ജെ.പി നേതാവിന്റെ വിശ്വസ്ഥനായ മറ്റൊരു നേതാവുമായി പുള്ളി ഒരു രഹസ്യയോഗം നടത്തി. നേതാവിനോട് ഒന്നടങ്ങാന്‍ പറയണം, ഇതായിരുന്നു അഭ്യര്‍ത്ഥന. 

ഒരു പൊടിക്ക് അടക്കണം എന്നഭ്യര്‍ത്ഥിച്ച് ഭരണകക്ഷിയായ കോണ്‍ഗ്രസ് ദില്ലി ബി.ജെപിക്ക് എസ് ഒ എസ് മെസേജ് അയച്ചതായാണ് കരക്കമ്പി. 

From the India Gate Asianet news political gossip column

 

ബംഗാളി നാട്ടുല്‍സവം

ഒരു തെരഞ്ഞെടുപ്പിനെ നാട്ടുല്‍സവം പോലാക്കുന്നത് കാണണമെങ്കില്‍ ബംഗാളില്‍ വരണം. ഉല്‍സവത്തിന് ആളെ കൂട്ടാന്‍ കാണിക്കുന്ന മട്ടില്‍ കാഴ്ചക്കാരെ (ഇവിടെ വോട്ടര്‍മാര്‍) അടുപ്പിക്കാന്‍ എന്ത് കോപ്രായത്തിനും നാടകത്തിനും തയ്യാറാണ് ഇവിടത്തെ രാഷ്ട്രീയക്കാര്‍. 

ഉന്നം ഈ മാസം നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പാണ്. എതിരാളിയെ ഒതുക്കാന്‍ ഏതറ്റം വരെയും പോവുകയാണ് നേതാക്കള്‍. 

ഉദാഹരണത്തിന് മുഖ്യമന്ത്രി മമത ബാര്‍നര്‍ജി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തിരമായി നിലത്തിറക്കിയ സംഭവം. വിമാനത്താവളത്തിലേക്ക് പോകും വഴി കനത്ത മഴയെ തുടര്‍ന്ന് ഹെലികോപ്ടര്‍ നിലത്തിറക്കുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയെ ആശുപത്രിയിലാക്കി. എന്നാല്‍, പണ്ടേപ്പോലെ വീല്‍ചെയറില്‍ വന്ന് വോട്ടുതട്ടാനുള്ള തന്ത്രമാണ് ഇതെന്നാണ് പ്രതിപക്ഷ ആരോപണം. 

തെരഞ്ഞെടുപ്പ് സ്റ്റണ്ടാണ് ഇതെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇതോടൊപ്പം, ഇരട്ട ബാലറ്റ് ആരോപണം പോലുള്ള വിചിത്ര തിയറികളും പാര്‍ട്ടി മുന്നാട്ട് വെക്കുന്നുണ്ട്. ഒറിജിനല്‍ ബാലറ്റിലേതുപോലെ രജിസ്റ്റര്‍ നമ്പറുള്ള കൃത്രിമ ബാലറ്റ് പേപ്പറുകള്‍ തൃണമൂല്‍ ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ആരോപണം. ഒറിജിനല്‍ ബാലറ്റുകള്‍ മാറ്റി, തൃണമൂലിന് വോട്ട് രേഖപ്പെടുത്തിയ ഈ കൃത്രിമ ബാലറ്റുകള്‍ പെട്ടിയിലിടുമെന്നാണ് ചൗധരി പറയുന്നത്. ബി.ജെ.പി നതോവ് സുവേന്ദു അധികാരിയെപ്പോലുള്ള മറ്റ് പ്രതിപക്ഷ നേതാക്കളും ഈ ആരോപണം ഏറ്റുപിടിച്ചിട്ടുണ്ട്. 

 

From the India Gate Asianet news political gossip column

 

കലിപ്പ് ഡാ! 

ഹാര്‍ലി ഡേവിഡ്‌സണ്‍ എന്ന് കേട്ടാല്‍ രോമാഞ്ചം വരുന്നവര്‍ ഏറെയുണ്ട്. എന്നാല്‍, 'ആണത്തമുള്ള നേതാവ്' എന്നു പറയിപ്പിക്കാനുള്ള ഒരവസരവും പാഴാക്കാത്ത തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഡേവിഡ്‌സണ്‍ എന്ന് കേള്‍ക്കുന്നതേ കലിപ്പാണിപ്പോള്‍. അതിനു കാരണം, ഒരു പൊലീസുദ്യോഗസ്ഥനാണ്. ഇന്‍ലിജന്‍സ് മേധാവി ആയിരുന്ന ഡേവിഡ്‌സന്‍ ദേവസിര്‍വതം. 

റെയിഡും അറസ്റ്റുമായി ഇ ഡിയും സിബിഐയുമൊക്കെ കളംനിറഞ്ഞു കളിച്ചപ്പോള്‍ തീപ്പൊരി ഡയയേലാഗിലൂടെയായിരുന്നു സ്റ്റാലിന്റെ തിരിച്ചടി. 'നാന്‍ അടിച്ചാ താങ്ക മാട്ടാ, നാലു മാസം തൂങ്ക മാട്ടാ' എന്ന ഹിറ്റ് പാട്ടില്‍നിന്ന് ആവേശം കടമെടുത്ത്, 'ഞങ്ങള്‍ തിരിച്ചടിച്ചാല്‍ അത് നിങ്ങള്‍ താങ്ങില്ല' എന്നായിരുന്നു മുഖ്യമന്ത്രി പേശിയത്. 

എന്നാല്‍, അന്നേരമൊക്കെയും സ്റ്റാലിന്‍ ഇരുട്ടില്‍ തപ്പുകയായിരുന്നു എന്നതാണ് വാസ്തവം. സംസ്ഥാനത്ത് വ്യാജ പാസ്‌പോര്‍ട്ട് റാക്കറ്റ് വ്യാപകമാണെന്ന് തെളിവു സഹിതം കേന്ദ്രം വ്യക്തമാക്കിയപ്പോഴും സ്റ്റാലിന് ഇതിനെക്കുറിച്ച് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. തന്റെ വിശ്വസ്ഥനായ ഉദ്യോഗസ്ഥന്‍ ഡേവിഡ്‌സണ്‍ ചീഫ് ഇന്റലിജന്‍സ് ഓഫീസര്‍ ആയിട്ടും ഇന്റലിജന്‍സ് വിവരം സ്റ്റാലിന് ലഭിച്ചില്ല.  

ഇതുമാത്രമല്ല, ഇയിടെ ഉണ്ടായ കള്ളക്കുറിച്ചി സ്‌കൂള്‍ സംഭവത്തിന്റെ ഇന്‍ലിജന്‍സ് റിപ്പോര്‍ട്ടും മുഖ്യമന്ത്രി അറിയാതെ പോയി. മന്ത്രി സെന്തില്‍ ബാലാജിക്കെതിരെ ഇ ഡി റെയ്ഡും അറസ്റ്റും നടക്കുന്നതിനെ കുറിച്ചും സ്റ്റാലിന് മുന്നറിയിപ്പ് കിട്ടിയില്ല. നാടു നടുങ്ങുമ്പോള്‍ സ്റ്റാലിന്‍ സിംഗപ്പൂരിലായിരുന്നു!  

സ്റ്റാലിന്‍ കലിച്ചാല്‍ പിന്നെയത് താങ്ങാന്‍ പാടാണ്. മുഖ്യന്റെ വലംകൈയായി നെഞ്ചുംവിരിച്ചും നടന്ന ഡേവിഡ്‌സണ്‍ ഇപ്പോള്‍ ഡിജിപി ഓഫീസിലെ ഒരു മൂലയ്ക്കിരിക്കുകയാണ്! 
 

Latest Videos
Follow Us:
Download App:
  • android
  • ios