രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും സ്പന്ദനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ഇറങ്ങിച്ചെല്ലുകയാണ്. രാജ്യമെങ്ങുമുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ലേഖകര്‍ പറയുന്ന, അധികാരത്തിന്റെ ഇടനാഴികളില്‍നിന്നുള്ള ചില കഥകളാണിത്. 'ഫ്രം ദി ഇന്ത്യാ ഗേറ്റി'ന്റെ പുതിയ എപ്പിസോഡ്.

സ്വപ്ന വ്യാപാരികൾ

2024 -ൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ നേരിടാൻ, ഫലപ്രദമായി പ്രതിപക്ഷ മുന്നണിയെ നയിക്കാൻ പാർട്ടിക്ക് മാത്രമേ കഴിയൂവെന്ന് റായ്പൂരിലെ കോൺഗ്രസ് പ്ലീനറി സമ്മേളനം വീണ്ടും അവകാശപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ ചില രാഷ്ട്രീയ നിരീക്ഷകർക്കെങ്കിലും ചിരി മറയ്ക്കാൻ കഴിയില്ലെന്നാണ് അടക്കം പറച്ചിൽ. മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക, ഛത്തീസ്ഗഢ് എന്നീ നാല് സംസ്ഥാനങ്ങൾ ഉടൻ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. അപ്പോഴും കോൺഗ്രസ് പാർട്ടിക്കുള്ളിലെ വിള്ളലുകളാണ് പുറത്തേക്കെത്തുന്നത്.

ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ ഐക്യമുഖം ഉണ്ടായി എന്ന് അവകാശപ്പെടുമ്പോഴും അതൊന്നും കാര്യമായി ഏശിയിട്ടില്ലെന്ന് വേണം പറയാൻ. കർണാടകയിൽ സിദ്ധരാമയ്യയും ഡികെ എന്ന ശിവകുമാറും തമ്മിലാണെങ്കിൽ, രാജസ്ഥാനിൽ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലാണ് വടംവലി. രാജസ്ഥാനിൽ മുഖ്യമന്ത്രിയാകാൻ യോഗ്യനായ ഏക നേതാവ് താനാണെന്ന് ഗെലോട്ട് കരുതുന്നു. മധ്യപ്രദേശിലേയും ഛത്തീസ്ഗഡിലേയും കഥകളും വിഭിന്നമല്ല. തീവ്രമായ ആഭ്യന്തര കലഹം ഇവിടങ്ങളിലും പ്രകടമാണ്. എംപിയിലെ ഒരു വിഭാഗം കമൽനാഥിനെ പരസ്യമായി പിന്തുണയ്ക്കുകയും, ഈ പിന്തുണ അറിയിച്ച് പിസിസി ഔദ്യോഗിക ഹാൻഡിലിൽ പോലും ട്വീറ്റ് പ്രത്യക്ഷപ്പെടുകയും ചെയ്തു. ഛത്തീസ്ഗഢിൽ, നിലവിലെ ഭൂപേഷ് ബാഗേലിനെ ചവിട്ടാൻ ടിഎസ് സിംഗ് ദിയോ ഏത് ചീട്ടിറക്കുമെന്ന ആശങ്കയിലാണ് പല മുതിര്‍ന്ന നേതാക്കളും. അതുകൊണ്ടുതന്നെ അധികാരത്തിലെത്തുന്നതിനെ കുറിച്ച് സംസാരിക്കുന്നത്, വിരിയും മുമ്പ് മുട്ടകളുടെ എണ്ണമെടുക്കുന്നതുപോലെ എന്നാണ് പലരും കരുതുന്നത്. ഈ സംസ്ഥാനങ്ങളിൽ എത്രയെണ്ണത്തിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ കോൺഗ്രസിന് കഴിയും എന്ന് പോലും ഉറപ്പില്ലാത്ത സാഹചര്യത്തിൽ സ്വപ്ന വ്യാപാരം നടത്തുകയാണ് നേതാക്കൾ.

'ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ലല്ലോ'

നി‍ർദേശം ലളിതമായിരുന്നു. ഏഴ് ദിവസത്തിനകം ഒഴിയുക അല്ലെങ്കിൽ ഉചിതമായ നടപടി നേരിടുക. വെറും സാധാരണമായ ഒരു നിയമപരമായ അറിയിപ്പിനെ അസാധാരണമായ സംഭവമാക്കിയത്, നോട്ടീസിലെ സ്വീകർത്താവിന്റെ പേരാണ്, ഭഗവാൻ 'ഭജരംഗി' അഥവാ ഹനുമാൻ. അതെ, പണ്ട് സീതയെ തിരയുന്നതിനിടയിൽ ലങ്കയിൽ സധൈര്യം ഒരു സർജിക്കൽ സ്ട്രൈക്ക് നടത്തിയ അതേ കക്ഷി തന്നെ.

മധ്യപ്രദേശിലെ മൊറേനയിൽ റെയിൽവേയുടെ ഭൂമി ഹനുമാൻ കൈയേറിയെന്നാണ് റെയിൽവേ വാദം. റെയിൽവേ ഭൂമിയിൽ നിന്ന് ഹനുമാൻ 'ചാടി'യില്ലെങ്കിൽ വാസസ്ഥലം പൊളിച്ചടുക്കുമെന്നാണ് നോട്ടീസിൽ. ഇത് കൂടാതെ ശ്രീകോവിൽ പൊളിക്കുന്നതിനുള്ള ചെലവും ഹനുമാൻ തന്നെ വഹിക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. ഉത്തരവ് വൈകാതെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് വൈറലാക്കി. അധികം വൈകിയില്ല, നോട്ടീസ് പിൻവലിച്ച് പൂജാരിയുടെ പേരിൽ അടുത്ത നോട്ടീസെത്തി. ഒരുപക്ഷെ ബൈബിൾ വാചകം കടമെടുത്ത് ഭഗവാൻ ഇങ്ങനെ പറഞ്ഞിരിക്കും' ഇവരോടു ക്ഷമിക്കണമേ; ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ലല്ലോ' എന്ന്.

റോങ് നമ്പ‍ര്‍

കൂടിപ്പോയാൽ 20,000 രൂപ വിലയുള്ള ഒരു മൊബൈൽ ഫോൺ കണ്ടെത്താൻ ഒരു ലക്ഷം രൂപ വരെ പൊടിക്കാൻ ആരെങ്കിലും തയ്യാറാകുമോ?, തയ്യാറായാൽ അത് എന്തിനായിരിക്കും?. ഒരു പരിപാടിക്കിടെ പിക്ക് പോക്കറ്റടിയിൽ നഷ്ടപ്പെട്ട ഫോണിനായി ഒരു നേതാവ് പൊലീസിനെ വിടാതെ പിന്തുടരുമ്പോഴാണ് ചില ചോദ്യങ്ങൾ ഉയരുന്നത്. അതിൽ കൂടുതലൊന്നും ഉണ്ടായിരുന്നില്ല എന്ന 'നഗ്ന' സത്യം നേതാവ് ആവ‍ര്‍ത്തിക്കുകയും ചെയ്യുമ്പോൾ, വെറുതെ നമ്മൾ കാടുകയറി ചിന്തിക്കേണ്ടെന്നെ പറയാൻ കഴിയൂ... നഷ്ടപ്പെട്ട നേതാക്കളിൽ ഒരാളുടെത് ഒരു ലക്ഷം രൂപയോളം വിലയുള്ള ഐഫോൺ ആണ്. നമ്മടെ നേതാവിന്റെ അത്ര ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നതും ശ്രദ്ധിക്കണേ...

എന്തായാലും കള്ളൻ പ്രൊഫഷണലാണ്. മംഗളൂരുവിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത പതിനഞ്ചോളം നേതാക്കളുടെ വിലയേറിയ വസ്തുക്കളും സ്വത്തുക്കളും വിരുതൻ അടിച്ചുമാറ്റി. ആരെയും മൂപ്പ‍ര്‍ വെറുതെ വിട്ടില്ല. പല‍ര്‍ക്കും പണമടക്കം നഷ്ടപ്പെട്ടെങ്കിലും പരാതി വന്നില്ല. നാണക്കേട് കാണുമല്ലോ... അതല്ലെങ്കിൽ ഒരുപക്ഷേ, പൊതുപണം നന്നായി 'ഉപയോഗം' ചെയ്യുന്നതിനുള്ള കർമ്മ ഫലമെന്ന് അവ‍ര്‍ കരുതിയാലും തെറ്റില്ല. ഈ ടിറ്റ് ഫോ‍ ടാറ്റ് സിദ്ധാന്തമേ....!, എന്നാലും ആ നേതാവിന്റ വെറുമൊരു ചെറിയ ഫോൺ പോയതിന് അസാധാരണമായ ആശങ്ക എന്തിനായിരിക്കും?

നിശ്ചലമായ ഫ്രെയിം

എന്ത് വിലകൊടുത്തും ഫ്രെയിമിൽ വരികയെന്നത് ചിലരുടെ ആഗ്രഹമാണ്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളിൽ പലരും ഇക്കൂട്ടത്തിലാണ്. ഇതൊരു ശീലമായി മാറിയിരിക്കുകയുമാണ്. ഉത്തർപ്രദേശിലെ ഒരു മുൻ മന്ത്രി ഇത്തത്തിൽ ജനശ്രദ്ധ പിടിക്കാൻ ശ്രമിച്ചതിന് പലപ്പോഴും അപമാനിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയടക്കമുള്ള മുതിര്‍ന്ന നേതാക്കളോടൊപ്പം ക്ലിക്ക് ചെയ്യാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരുന്നു. താക്കീത് കിട്ടിയെങ്കിലും നിലപാടിൽ വലിയ മാറ്റമൊന്നും സംഭവിച്ചില്ല. അടുത്തിടെ മുഖ്യമന്ത്രിയുടെ സമീപം എത്താൻ അദ്ദേഹം ചെയ്തത് ഒരു മന്ത്രി തള്ളിമാറ്റുകായയിരുന്നു. ഇടയ്ക്ക് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പോലും ഇടപെടേണ്ടിയും വന്നു. ഒടുവിൽ ഇതൊരു ഭീഷണിയായി മാറിയതോടെ സംസ്ഥാന നേതാക്കൾ കേന്ദ്രനേതൃത്വത്തെ സമീപിച്ചു. ഇതോടെ താൽക്കാലികമായെങ്കിലും കക്ഷിയെ നിലയ്ക്ക്നിര്‍ത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നേതാക്കൾ.

'ടച്ചപ്പ്'

സ്ത്രീകളോടുള്ള ബഹുമാനത്തിന്റെ കാര്യത്തിൽ ദയനീയ ട്രാക്ക് റെക്കോര്‍ഡുള്ളൊരു പാ‍ര്‍ട്ടി, അത്തരമൊരു പാര്‍ട്ടിയുടെ നേതാക്കൾ അതേ ഉദ്ദശ്യലക്ഷ്യത്തിനായ നിലകൊള്ളുന്നത് കാണുമ്പോൾ ചിലപ്പോൾ പുരികം ചുളുങ്ങിയേക്കാം. 'കാ ബാ ഇൻ യുപി' എന്ന ഗാനത്തിന് സ്ത്രീ ശബ്ദത്തിനെതിരെ ഉത്തർപ്രദേശ് സർക്കാർ നോട്ടീസ് നൽകിയപ്പോൾ, ഗായികയ്ക്ക് പിന്തുണയുമായി എത്തിയത് പ്രധാന പ്രതിപക്ഷമാണ്. അതേ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷൻ അവരെ പിന്തുണച്ച് പ്രസ്താവന വരെ ഇറക്കി. നിയമപരമായ പിന്തുണ ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യാൻ നിര്‍ദ്ദേശവും ഉണ്ടായി. ഈ കലാകാരി ഉടൻ പാര്‍ട്ടിയിൽ ചേരുമെന്നുവരെ എത്തി കാര്യങ്ങൾ. എന്തായാലും ഇതുപോലെ ചില്ലറ മേക്കപ്പിട്ടാൽ സ്ത്രീവിരുദ്ധ രാഷ്ട്രീയ ഉപകരണമെന്ന ചീത്തപ്പേര് ഇത്തിരി മാറിക്കിട്ടുമെന്ന് പാര്‍ട്ടി കരുതുന്നുണ്ടാകാം.

Read more: പാര്‍ലമെന്‍റ് മെനുവില്‍ തിനയും, തമ്മിൽ തല്ലി മരിക്കുമോ പാ‍ർട്ടി യാദവകുലം, ബംഗാളിലെ 'ബോസും' മമതയും

ചെവിയിലെ ജമന്തിപ്പൂ..

ഹവായിയൻ സംസ്കാരത്തിൽ ഇടത് ചെവിക്ക് പിന്നിൽ പുഷ്പം ധരിക്കുന്നത് ഒരാൾ ആരുമായെങ്കിലും ബന്ധത്തിലോ വിവാഹിതനോ ആണ് എന്നതാണ് അ‍ര്‍ത്ഥമാക്കുന്നത്. വലത് വശത്താണെങ്കിൽ അവ‍ര്‍ അവിവാഹിതനാണെന്നും കൂട്ട് തേടുന്നവനെന്നും ആണ്. എന്നാൽ ഹവായിയിൽ നിന്ന് ഏകദേശം 13,000 കിലോമീറ്റർ അകലെ, ഒരു തല മുതിർന്ന രാഷ്ട്രീയക്കാരൻ വലതു ചെവിയിൽ പുഷ്പം വച്ചപ്പോൾ പലതരം ചോദ്യങ്ങൾ ഉയർന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബജറ്റ് അവതരിപ്പിച്ചപ്പോൾ വലത് ചെവിയിൽ പൂവ് വച്ചായിരുന്നു കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ പ്രതിഷേധം. 'കിവി മേലേ ഹൂവ' (ചെവിയിൽ ഒരു പുഷ്പം വയ്ക്കുക) എന്നത് 'മറ്റുള്ളവരെ കബളിപ്പിക്കുക' എന്നർത്ഥമുള്ള ഒരു കന്നഡ പഴഞ്ചൊല്ലാണ്. അതുപോലൊരു ഗിമ്മിക്കുകൊണ്ട് രാഷ്ട്രീയ ലക്ഷ്യം നേടിയോ ഇല്ലയോ എന്നറിയില്ല. പക്ഷെ, ബെംഗളൂരു തെരുവുകളിൽ ബിജെപിയുടെ റിപ്പോർട്ട് കാർഡിനൊപ്പം കോൺഗ്രസ് പ്രവർത്തകർ ജമന്തിയും വിതരണം ചെയ്തതോടെ പൂക്കളുടെ വില കുത്തനെ കയറാൻ അത് സഹായിച്ചു എന്നാണ് പറച്ചിൽ. എന്നാൽ ആരാണ് ഈ ആശയത്തിന് പിന്നിലെ തല എന്നതിൽ ഊഹാപോഹങ്ങളുണ്ടെങ്കിലും ഇതുവരെ ആ‍ര്‍ക്കും വ്യക്തമല്ല. സിദ്ധരാമ്മയെ ഹൈക്കമാൻഡ് കെട്ടിച്ചതാണ് വേഷമെന്ന് ഒരു സിദ്ധാന്തം. എന്നാൽ 'കിവി മേലേ ഹൂവ' എപ്പിസോഡിന് പിന്നിൽ കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗോളാണെന്നും സംസാരമുണ്ട്.