കൊളംബോ: ശ്രീലങ്കയിൽ നിന്നും ഇരുപത് നോട്ടികൽ മൈൽ അകലെ വച്ചു തീ പിടിച്ച ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ എണ്ണ ടാങ്കർ ന്യൂഡയമണ്ട് കപ്പലിലെ അഗ്നിബാധ പൂർണമായും അണച്ചതായി ഇന്ത്യൻ കോസ്റ്റ്ഗാർഡ് അറിയിച്ചു. 

കപ്പലിൽ വീണ്ടും അഗ്നിബാധയുണ്ടാവാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരികയാണെന്നും കോസ്റ്റ് ഗാർഡ് വൃത്തങ്ങൾ അറിയിച്ചു.  കപ്പലിലുള്ള മൂന്നു ലക്ഷം ടൺ ഇന്ധനം കടലിൽ പടരാതിരിക്കാനുള്ള ഊർജിത ശ്രമത്തിലാണ് ഇപ്പോൾ കോസ്റ്റ് ഗാർഡും ശ്രീലങ്കൻ നാവികസേനയും. 

കപ്പലിൽ ഉണ്ടായിരുന്നവരിൽ ഒരാൾ ഒഴികെ എല്ലാവരെയും ഇന്നലെത്തന്നെ രക്ഷിച്ചിരുന്നു. ഇന്നലെ രാവിലെയോടെയാണ് ശ്രീലങ്കയ്ക്ക് ഇരുപത് നോട്ടിക്കൽ മൈൽ കിഴക്ക് മാറി ന്യൂഡയമണ്ട് എന്ന കൂറ്റൻ എണ്ണക്കപ്പലിന് തീപിടിച്ചത്. കുവൈത്തിൽ നിന്നും കൊളംബോ വഴി ഇന്ത്യയിലെ പാരാദ്വീപിലേക്ക് വരികയായിരുന്നു കപ്പൽ.