ദില്ലി: കനത്ത മഴയ്ക്കിടെ ചെങ്കോട്ടയില്‍ എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായ ഡ്രസ് റിഹേഴ്സല്‍ നടന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അതിഥികളെ പരമാവധി കുറച്ചാവും  ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ നടക്കുക. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് ഇന്ന് ദില്ലിയില്‍ രേഖപ്പെടുത്തിയത്.

കനത്ത മഴയ്ക്കിടെയാണ് രാജ്യ തലസ്ഥാനം  സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തയാറെടുക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടക്കുന്നത്. ശനിയാഴ്ച രാവിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുമ്പോൾ 200പേര്‍മാത്രമാവും അതിഥികളായുണ്ടാവുക. 

3500 സ്കൂള്‍ കുട്ടികള്‍ക്കു പകരമുണ്ടാവുക എന്‍സിസി കേഡറ്റുകള്‍. ചടങ്ങില്‍ പങ്കെടുക്കുന്ന സേനാംഗങ്ങളുടെ കൊവിഡ് പരിശോധന നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഇവരെ പ്രത്യേക ക്യാമ്പിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിച്ച് നാലു നിരകളായാവും ചടങ്ങിനെത്തുന്നവർ ഇരിക്കുക. ഡോക്ടർമാരും, നേഴ്സുമാരും ശുചീകരണതൊഴിലാളികളും ഉൾപ്പെടുന്ന കൊവിഡ് പോരാളികളെയും അസുഖം ഭേദമായ ചിലരെയും ക്ഷണിച്ചിട്ടുണ്ട്.  

രാഷ്ട്രപതിയുടെ വിരുന്നിലും അതിഥികളുടെ എണ്ണം പത്തിലൊന്നായി കുറച്ചു. സ്വാതന്ത്യ ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന മേഖലയിലെ സുരക്ഷ കൂട്ടിയിട്ടുണ്ട്. ദില്ലി ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ
വകുപ്പിന്‍റെ പ്രവചനം.  ശരാശരി 90 മില്ലീമീറ്റര്‍ മഴയാണ് ഇന്ന് നഗരത്തില്‍ പെയ്തത്. പലയിടത്തും വെള്ളക്കെട്ടുണ്ടായി.