രക്ഷിതാക്കളുടെ സമ്മത പത്രം നിർബന്ധമാക്കണോ എന്ന് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു. സാമൂഹിക അകലം എന്നതിന് പകരം ശാരീരിക അകലം എന്ന പദം ഉപയോഗിക്കണം
ദില്ലി: രാജ്ത്ത് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ (Covid Safety Measures) പുതുക്കി വിദ്യാഭ്യാസ മന്ത്രാലയം (Ministry Of Education). രക്ഷിതാക്കളുടെ സമ്മത പത്രം നിർബന്ധമാക്കണോ എന്ന് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു. സാമൂഹിക അകലം എന്നതിന് പകരം ശാരീരിക അകലം എന്ന പദം ഉപയോഗിക്കണം. സംഘമായുള്ള പരിപാടികളും, മത്സരങ്ങളും അനുവദിക്കണോ എന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് പുതിയതായി 1,72,433 പേര്‍ക്ക് കൂടി കൊവിഡ് (Covid 19) സ്ഥിരീകരിച്ചെന്നാണ് ഇന്ന് രാവിലെ പുറത്തുവന്ന കണക്ക്. കൊവിഡ് കണക്കില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ ആറ് ശതമാനം വര്‍ധന ഉണ്ടായി. 24 മണിക്കൂറിനിടെ 1008 പേര്‍ രോഗബാധിതരായി മരിച്ചു. 2,59,107 പേര്‍ക്കാണ് രോഗമുക്തി. കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് 9.26 ശതമാനത്തിൽ നിന്ന് 11 ആയി ഉയർന്നു.
ഇതിനിടെ 15 മുതൽ 18 വയസ് വരെയുള്ളവരിൽ രണ്ടാം ഡോസ് വാക്സിൻ വിതരണം കാര്യക്ഷമമാക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. ജനുവരി മൂന്നിനാണ് 15 മുതൽ 18 വയസുവരെയുള്ള വിഭാഗക്കാർക്ക് വാക്സിൻ വിതരണം ആരംഭിച്ചത്. ഇതിൽ കോവാക്സിൻ എടുത്തവരിൽ 28 ദിവസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നിർദേശം.
