മുതിർന്ന നേതാവ് ഗുലാം നബി ആസാദ് നാളെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. യോഗത്തിൽ ഉയർന്ന ചർച്ചയും അഭിപ്രായവും സോണിയയെ അറിയിക്കും
ദില്ലി: ബിജെപിയെ നേരിടാൻ സമാനമനസ്കരായ പാർട്ടികളുമായി കോൺഗ്രസ് സഹകരിക്കാൻ തയ്യാറാകണമെന്ന് കോൺഗ്രസിലെ വിമതരുടെ കൂട്ടായ്മയായ ജി-23(G 23). എല്ലാ തലത്തിലും കൂട്ടായ നേതൃത്വം വേണം. സഹകരണത്തിനൊപ്പം കൂട്ടായ തീരുമാനവും ഉണ്ടാകണമെന്ന അഭിപ്രായവും ഇന്ന് ചേർന്ന ജി-23 യോഗത്തിൽ ഉയർന്നു വന്നു. മുതിർന്ന നേതാവ് ഗുലാം നബി ആസാദ് നാളെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. യോഗത്തിൽ ഉയർന്ന ചർച്ചയും അഭിപ്രായവും സോണിയയെ അറിയിക്കും. ജനറൽ സെക്രട്ടറിമാരായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തേക്കും.
18 നേതാക്കളാണ് ഇന്ന് ഗുലാം നബി ആസാദിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തത്. മുതിർന്ന നേതാക്കളായ കപിൽ സിബൽ, മനീഷ് തിവാരി, ആനന്ദ് ശർമ, ഭൂപീന്ദ്ര ഹൂഡ, അഖിലേഷ് പ്രസാദ് സിംഗ്, രാജ് ബബ്ബർ, സന്ദീപ് ദീക്ഷിത്, ശശി തരൂർ, മണി ശങ്കർ അയ്യർ, ശങ്കർ സിംഗ് വഗേല എന്നിവർക്കൊപ്പം കേരളത്തിൽ നിന്ന് പ്രമുഖനേതാക്കളിലൊരാളായി പി ജെ കുര്യനും യോഗത്തിൽ പങ്കാളിയായി. കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ച് പഞ്ചാബിൽ നിന്ന് മത്സരിച്ച മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്‍റെ ഭാര്യ പ്രണീത് കൗറും യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള യോഗമാണ് നടന്നതെന്ന് വിവേക് തൻഖ പ്രതികരിച്ചു. സമാന്തര യോഗമായി കാണേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ യോഗത്തിന് മുമ്പ് രൂക്ഷവിമർശനമാണ് കപിൽ സിബൽ ഗാന്ധി കുടുംബത്തിനെതിരെ ഉന്നയിച്ചത്. ഗാന്ധി കുടുംബത്തിൽ നിന്ന് മാറി മറ്റാർക്കെങ്കിലും ചുമതല നൽകണമെന്നായിരുന്നു കപിൽ സിബൽ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടത്. എന്തധികാരത്തിലാണ് പ്രസിഡന്‍റല്ലാത്ത രാഹുല്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നും കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചരൺജീത് ചന്നിയെ പഞ്ചാബിൽ പ്രഖ്യാപിക്കാൻ എന്ത് അവകാശമാണ് രാഹുൽ ഗാന്ധിക്ക് ഉള്ളതെന്നുമാണ് അഭിമുഖത്തില്‍ സിബല്‍ ചോദിക്കുന്നത്.
ഗാന്ധി കുടുംബത്തെ വിമര്‍ശിച്ച കപില്‍ സിബലിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ജനപിന്തുണയില്ലാത്ത സിബല്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയാണെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും അധിര്‍ രഞ്ജന്‍ ചൗധരിയും കുറ്റപ്പെടുത്തുന്നു. അഭിഭാഷകനായ കപില്‍ സിബല്‍ വഴിമാറി പാര്‍ട്ടിയിലെത്തിയതാണെന്നും, കോണ്‍ഗ്രസിനെ കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് നേതാക്കള്‍ തിരിച്ചടിക്കുന്നത്. ആര് വിചാരിച്ചലും സോണിയ ഗാന്ധിയെ ദുര്‍ബലപ്പെടുത്താനാകില്ലെന്ന് മുതര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിക്കുന്നു.
