ദില്ലി: കിഴക്കന്‍ ദില്ലിയില്‍ നിന്നുള്ള നിയുക്ത എംപി ഗൗതം ഗംഭീര്‍ തെരുവിലിറങ്ങി ജനങ്ങളെ അഭിസംബോധന ചെയ്യണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ചെയ്തതു പോലെ ഡൂപ്ലിക്കേറ്റിനെ ഇറക്കരുതെന്നും ആംആദ്മി പാര്‍ട്ടി. പ്രചാരണ സമയത്ത് ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ വാഹനത്തിന് മുകളില്‍ ഡൂപ്ലിക്കേറ്റിനെ വെച്ച് ഗംഭീര്‍, എയര്‍ കണ്ടീഷന്‍ ചെയ്ത വാഹനത്തിന്‍റെ ഉള്ളില്‍ സഞ്ചരിക്കുകയായിരുന്നു. 

ഇനിയെങ്കിലും ദില്ലിയിലെ തെരുവുകളിലിറങ്ങി ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ ഗംഭീര്‍ തയ്യാറാകണം. അങ്ങനെയെങ്കില്‍ ജനം നിങ്ങളോട് ക്ഷമിക്കുമെന്നും ആംആദ്മി പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഗംഭീറിനെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തി ആംആദ്മി രംഗത്തെത്തിയിരുന്നു.

കിഴക്കന്‍ ദില്ലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരവിന്ദര്‍ സിംഗിനെ വലിയ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് ഗംഭീര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അറ്റ്ഷിക്ക് മൂന്നാം സ്ഥാനത്തെത്താന്‍ മാത്രമേ സാധിച്ചുള്ളു.