ദില്ലി: ഭഗത് സിംഗ് അടക്കമുള്ള വിപ്ലവകാരികളെ രക്ഷിക്കാന്‍ ഗാന്ധിജി ഒന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാള്‍. വിപ്ലവകാരികള്‍ വഴിയുള്ള ഇന്ത്യയുടെ സ്വാതന്ത്രത്തിലേക്കുള്ള പാത മനപ്പൂര്‍വ്വം അവഗണിക്കപ്പെടുകയായിരുന്നു. സ്വാതന്ത്യ സമരത്തെക്കുറിച്ച് പറയുമ്പോള്‍ അഹിംസ രീതി മാത്രമാണ് പരാമര്‍ശിക്കപ്പെടുന്നത്. വിപ്ലവകാരികളുടെ ശ്രമങ്ങളെ പലപ്പോഴും മനപ്പൂര്‍വ്വം അവഗണിക്കപ്പെടുകയാണെന്നും സഞ്ജീവ് സന്യാള്‍ പറഞ്ഞു. 

വിപ്ലവകാരികള്‍ ഇന്ത്യയുടെ ചരിത്രം വീണ്ടും പറയുമ്പോള്‍ എന്ന വിഷയത്തില്‍ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ സംസാരിക്കുകയായിരുന്നു മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്. വിപ്ലവകാരികള്‍ സ്വാതന്ത്രത്തിന് നല്‍കിയ സംഭാവനകളും കുട്ടികളുടെ പഠനവിഷയമാകണം. ഭഗത് സിംഗ് അടക്കമുള്ള വിപ്ലവകാരികളെ രക്ഷിക്കാന്‍ ഗാന്ധിജി ഒന്നും ചെയ്തില്ല. അത്തരം ശ്രമങ്ങള്‍ നടന്നതിന് തെളിവുകള്‍ ഇല്ല. ഗാന്ധിജി അതിന് വേണ്ടി ആത്മാര്‍ത്ഥമായി ശ്രമിച്ചില്ല. 

അക്രമത്തെ എതിര്‍ത്ത ഗാന്ധി തന്നെയാണ് ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് സേനയിലേക്ക് ഇന്ത്യന്‍ സൈനികരെ ചേര്‍ക്കാന്‍ തയ്യാറായത്. ഭഗത് സിംഗിനെ അക്രമത്തിന്‍റെ കാരണം പറഞ്ഞാണ് ഗാന്ധി എതിര്‍ത്തിരുന്നത്. ബ്രിട്ടീഷ് സേനയിലേക്ക് ആളുകളെ ചേര്‍ക്കാന്‍ തയ്യാറായ ഗാന്ധി തന്നെയാണ് അതേ മാര്‍ഗത്തില്‍ പോയ ഭഗത് സിംഗിനെ എതിര്‍ത്തത്. ഖിലാഫത്ത് പ്രസ്ഥാനം, മലബാര്‍ ലഹള എന്നിവയെ താഴ്ത്തിക്കാണിക്കാനും ഗാന്ധി ശ്രമിച്ചു. ഭാരതത്തിന്‍റെ സ്വാതന്ത്രത്തിന് വേണ്ടിയുള്ള മറ്റൊരു രീതിയിലുള്ള ശ്രമമായിരുന്നു അവയെല്ലാമെന്നും സഞ്ജീവ് പറഞ്ഞു. 

അക്രമത്തിലൂടെ സ്വാതന്ത്ര്യം നേടിയാല്‍ നേതാക്കള്‍ ഫാസിസ്റ്റുകളാവും എന്നത് കുപ്രചാരണമാണ്. നിരവധി മുതിര്‍ന്ന വിപ്ലവകാരികളും നേതാക്കളും കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. രണ്ട് വിപ്ലവകാരികള്‍ മാത്രമാണ് സ്വാതന്ത്ര്യ ലബ്ധിവരെ ജീവിച്ചിരുന്നത്. അരബിന്ദോ, സവര്‍ക്കര്‍ എന്നിവരാണ് അവര്‍. സ്വാതന്ത്ര്യം ലഭിച്ചതിന് വിപ്ലവ പ്രസ്ഥാനം ചിതറിപ്പോയി. വിപ്ലവകാരികളില്‍ ചിലര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു ചിലര്‍ ഹിന്ദു മഹാസഭയില്‍ തുടര്‍ന്നു ഇതാണ് പിന്നീട് ആര്‍എസ്എസ് ആയതെന്നും സഞ്ജീവ് കൂട്ടിച്ചേര്‍ത്തു .