ദില്ലി: രാജ്യതലസ്ഥാനത്ത് മദ്യ ഷോപ്പുകള്‍ തുറന്നതിനെതിരെ ബിജെപി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. ദില്ലിയിലെ ജനങ്ങളുടെ ജീവനേക്കാള്‍ പ്രാധാന്യം മദ്യത്തിനാണ് നല്‍കുന്നതെന്ന് ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. ദില്ലി കൂടുതല്‍ മെച്ചപ്പെടല്‍ അര്‍ഹിക്കുന്നുവെന്ന ഹാഷ് ടാഗോടെയാണ് ഗംഭീര്‍ ട്വിറ്ററിലൂടെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

നേരത്തെ, ലോക്ക്ഡൗൺ മൂന്നാംഘട്ടത്തിൽ നിയന്ത്രണങ്ങളോടെ മദ്യശാലകൾ തുറക്കാമെന്ന കേന്ദ്രനിർദേശം നടപ്പാക്കിയപ്പോൾ ദില്ലിയില്‍ അടക്കം വലിയ ജനത്തിരക്കാണുണ്ടായത്. രാജ്യതലസ്ഥാനമടക്കം വിവിധ സംസ്ഥാനങ്ങളിലെ മദ്യവിൽപ്പനശാലകൾക്ക് മുന്നിൽ ഇന്ന് ഉന്തും തള്ളുമുണ്ടായി. കർണാടകത്തിലും ഛത്തീസ്ഗഢിലും ദില്ലിയിലും മദ്യക്കടകൾക്ക് മുന്നിൽ നീണ്ട നിരയാണെന്നത് ചെറിയ ആശങ്കയല്ല സൃഷ്ടിക്കുന്നത്.

മദ്യശാലകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ, മഹാരാഷ്ട്ര, ദില്ലി, കർണാടക സർക്കാരുകൾക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. പലയിടങ്ങളിലും രാവിലെ 9 മണിക്കേ കട തുറക്കൂ എന്ന് പറഞ്ഞിരുന്നെങ്കിലും പുലർച്ചെ തന്നെ ആളുകൾ വന്ന് ക്യൂ നിൽക്കുന്നത് കാണാമായിരുന്നു. പശ്ചിമബംഗാളിലെ കാളീഘട്ടിന് തൊട്ടടുത്തുള്ള മദ്യവിൽപ്പനശാലയ്ക്ക് മുന്നിലെ തിരക്ക് ഞെട്ടലുളവാക്കുന്നതാണ്. കൃത്യമായ സാമൂഹ്യാകലം പാലിക്കാൻ പൊലീസിന് പോലും പറയാനാകുന്നില്ല.

കർണാടകയിലെ പലയിടങ്ങളിലും പൂജ നടത്തി മദ്യശാലകൾ തുറന്നത് കൗതുകമായി. ഛത്തീസ്ഗഢിൽ പക്ഷേ സകല നിയന്ത്രണങ്ങളും കാറ്റിൽ പറത്തിയായിരുന്നു മദ്യശാലകൾക്ക് മുന്നിലെ ക്യൂ. ദില്ലിയിൽ പലയിടത്തും വൻ തിരക്ക് കണ്ടതോടെ പൊലീസെത്തി കടകൾ അടപ്പിച്ചു. എന്നിട്ടും നഗരപ്രാന്തങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ദില്ലിയില്‍ മദ്യ ഷോപ്പുകള്‍ തുറന്നതിനെതിരെ ഗൗതം ഗംഭീര്‍ രംഗത്ത് വന്നിരിക്കുന്നത്.