ദില്ലി: പാക് അധീന കശ്മീരിനായി എന്തിനും സൈന്യം തയ്യാറെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി. പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുകയാണ് ഇനി ലക്ഷ്യമെന്നായിരുന്നു കരസേനാ മേധാവിയുടെ പ്രസ്താവന. കേന്ദ്ര സർക്കാരിന്‍റെ ഏത് നിർദ്ദേശവും നടപ്പാക്കാൻ കരസേന തയ്യാറാണെന്നും ജനറൽ ബിപിൻ റാവത്ത് വാർത്താ ഏജൻസിയോട് പറ‍ഞ്ഞു. 
 

 
കഴിഞ്ഞ ദിവസം യുഎൻ മനുഷ്യാവകാശ കമ്മീഷനിലടക്കം കശ്മീർ വിഷയത്തിൽ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ പ്രസ്താവന പുറത്ത് വരുന്നത്. നേരത്തെ പാർലമെന്‍റിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായും, കശ്മീർ വിഷയത്തിൽ ഇനി എന്തെങ്കിലും ചർച്ചയുണ്ടെങ്കിൽ അത് പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാക്കുന്നതിനെ പറ്റിയായിരിക്കുമെന്നും രാജ്നാഥ് സിംങ്ങും വ്യക്തമാക്കിയിരുന്നു. പിന്നീട് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഇതേ നിലപാടുമായി രംഗത്തെത്തിയിരുന്നു.

കശ്മീർ വിഷയം അന്താരാഷ്ട്ര വേദികളിൽ ചർച്ചചെയ്യപ്പെടുന്ന സമയത്താണ് ബിപിൻ റാവത്തിന്‍റെ പ്രസ്താവന വരുന്നതെന്നതും ശ്രദ്ധേയമാണ്.