Asianet News MalayalamAsianet News Malayalam

കരസേനാ മേധാവി സ്ഥാനത്ത് നിന്ന് ബിപിൻ റാവത്ത് ഇന്ന് വിരമിക്കും; സംയുക്ത സേനാ മേധാവിയാകും

  • ലെഫ്റ്റനന്റ് ജനറൽ മനോജ് മുകുന്ദ് നരവാനെ ആണ് പുതിയ കരസേനാ മേധാവി
  • സംയുക്ത സേന മേധവിയായി ബിപിൻ റാവത്തിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു
General Bipin Rawat to retire from Indian Military service
Author
New Delhi, First Published Dec 31, 2019, 6:45 AM IST

ദില്ലി: ഇന്ത്യൻ കരസേന മേധാവി സ്ഥാനത്ത് നിന്നും ജനറൽ ബിപിൻ റാവത്ത് ഇന്ന് വിരമിക്കും. 2016 ഡിസംബർ 31 നായിരുന്നു അദ്ദേഹം കരസേന മേധാവി ആയി ചുമതലയേറ്റത്. ലെഫ്റ്റനന്റ് ജനറൽ മനോജ് മുകുന്ദ് നരവാനെ ആണ് പുതിയ കരസേനാ മേധാവി. സംയുക്ത സേന മേധവിയായി ബിപിൻ റാവത്തിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. ഇതോടെ ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേന മേധാവിയാകും ബിപിൻ റാവത്ത്. 

ഫോർ സ്റ്റാർ ജനറൽ പദവിയിലാകും സംയുക്ത സേന മേധാവിയുടെ നിയമനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനമായിരുന്നു ഈ പദവി. 65 വയസ് വരെ പ്രായമുള്ളവര്‍ക്കെ ഈ പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി. രാഷ്ട്രപതിക്ക് കീഴിൽ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതൽ ഈ ജനറലിനാകും. പ്രതിരോധമന്ത്രിയുടെ പ്രിൻസിപ്പൽ മിലിട്ടറി ഉപദേശകനും ഇനി ബിപിൻ റാവത്തായിരിക്കും. ബിപിൻ റാവത്ത് ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടും എന്നും നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

 യുഎൻ സെക്യൂരിറ്റി കൗൺസിലിൽ അംഗങ്ങളായ എല്ലാ രാജ്യങ്ങളിലും സൈനികവിഭാഗത്തിൽ (പി-5 എന്ന അഞ്ച് രാജ്യങ്ങൾ) ഇത്തരത്തിൽ ഒരു പദവിയുണ്ട്. രാജ്യത്തിന്‍റെ ആയുധം വാങ്ങൽ ശേഷിയും ആവശ്യങ്ങളും കൃത്യമായി പ്രതിരോധവകുപ്പിനെ അറിയിക്കൽ, മൂന്ന് സേനകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ എന്നിവ സംയുക്ത സേനാ മേധാവിയുടെ ചുമതലകളിൽ ചിലതാണ്.

സേനാമേധാവികളുടെ തുല്യ ശമ്പളം തന്നെ സംയുക്ത സേനാ മേധാവിക്കുമുണ്ടാകും. നിലവിൽ ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി എന്ന - സേനാമേധാവിമാരുടെ സമിതിയുടെ തലവനാണ് ബിപിൻ റാവത്ത്. പക്ഷെ ഈ സ്ഥാനത്തിന് സംയുക്ത സേനാ മേധാവിക്കുള്ള അധികാരങ്ങളില്ല.  ആദ്യ മോദി മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായിരുന്ന മനോഹർ പരീക്കർ സംയുക്ത സേനാ മേധാവി എന്ന ആവശ്യം പല തവണ ഉന്നയിച്ചിരുന്നതാണ്. 

സംയുക്ത സേനാ മേധാവി പദവിയിലിരുന്നയാൾക്ക് സ്ഥാനമൊഴിഞ്ഞ ശേഷം പിന്നീട് ഒരു സർക്കാർ പദവി വഹിക്കാനാവില്ല. മാത്രമല്ല, ഒരു സ്വകാര്യ കമ്പനിയിലും അഞ്ച് വർഷത്തേക്ക് ഒരു പദവിയും വഹിക്കാനാവില്ല. അതിന് ശേഷം ഏതെങ്കിലും പദവികൾ വഹിക്കണമെങ്കിൽ കേന്ദ്രസർക്കാരിന്‍റെ അനുമതിയും വേണം.

 കാർഗിലിൽ 1999-ൽ നടന്ന യുദ്ധത്തിന് ശേഷമാണ് മൂന്ന് സേനകളും തമ്മിലുള്ള ഏകോപനം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത പ്രതിരോധമന്ത്രാലയത്തിന് ബോധ്യപ്പെട്ടത്. യുദ്ധകാലത്ത് മൂന്ന് സേനകളും തമ്മിൽ കൃത്യമായ ആശയവിനിമയം ഇല്ലെന്നത് പലപ്പോഴും ഇന്ത്യയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായിരുന്നെന്ന്, യുദ്ധശേഷം ഇതേക്കുറിച്ച് പഠിയ്ക്കാൻ നിയോഗിക്കപ്പെട്ട സമിതി കണ്ടെത്തിയിരുന്നു. ഇന്ത്യ - പാക് അതിർത്തി വഴി നുഴഞ്ഞു കയറിയ പാക് ചാരൻമാരും പാക് സൈനികരും കാർഗിലിലെ പ്രധാന ഇടങ്ങളിൽ സ്ഥാനമുറപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി മൂന്ന് സമിതികളും തമ്മിൽ കൈമാറാനായില്ലെന്നത് വലിയ വീഴ്ചയായിരുന്നു.

Follow Us:
Download App:
  • android
  • ios