ദില്ലി: ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്ഥാന്‍റെ കസ്റ്റഡിയിലുണ്ടെന്ന് ഇന്ത്യ സ്ഥിരീകരിച്ച് കഴിഞ്ഞു. രാജ്യമൊന്നാകെ അഭിനന്ദനോട് പാക്കിസ്ഥാന്‍റെ പെരുമാറ്റം എങ്ങനെയാകുമെന്ന ആശങ്കയിലാണ്. എങ്ങനെ എങ്കിലും അഭിനന്ദനെ തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി ക്യാമ്പയിനുകള്‍ അടക്കം തുടങ്ങി കഴിഞ്ഞു.

ഇന്ന് രാവിലെയോടെ വ്യോമാതിര്‍ത്തി കടന്നു വന്ന പാക് പോര്‍വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ നിന്നും പൈലറ്റ് അഭിനന്ദന്‍ രക്ഷപ്പെട്ടെങ്കിലും അദ്ദേഹവും വിമാനവും ചെന്നു പതിച്ചത് പാക് അധീന കശ്മീരിലാണ്.

ഇദ്ദേഹത്തെ പ്രദേശവാസികളും പാക് സൈനികരും പിടികൂടി പിന്നീട് സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറി. കണ്ടെത്തിയ ഘട്ടത്തില്‍ പ്രദേശവാസികളില്‍ നിന്നും ക്രൂരമായ മര്‍ദ്ദനമാണ് അഭിനന്ദിന് ഏല്‍ക്കേണ്ടി വന്നത്. ഇതോടെ ജനീവ കണ്‍വന്‍ഷനിലെ ഉടമ്പടികള്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്.

1999 കാര്‍ഗില്‍ യുദ്ധത്തിന്‍റെ സമയത്ത് ഇതേപോലെ ഒരു പെെലറ്റ് പാക് സെെനികരുടെ കെെയില്‍ അകപ്പെട്ടിരുന്നു. എന്നാല്‍, കൃത്യമായ നയതന്ത്ര മികവോടെ ഇന്ത്യ കെ. നചികേത എന്ന പെെലറ്റിനെ രാജ്യത്ത് തിരികെയെത്തിച്ചു. 

ജനീവ ഉടമ്പടി

1949ലെ ജനീവ കണ്‍വന്‍ഷനിലാണ് പ്രിസണേഴ്സ് ഓഫ് വാര്‍ (യുദ്ധ തടവുകാര്‍ അല്ലെങ്കിൽ സൈനിക തടവുകാർ) സംബന്ധിച്ച അന്താരാഷ്ട്ര തലത്തില്‍ പാലിക്കേണ്ടി നിയമങ്ങള്‍ ധാരണയാകുന്നത്. യുദ്ധ തടവുകാരുടെ അവകാശങ്ങള്‍, അവരോട് എങ്ങനെയാണ് പെരുമാറേണ്ടത്, അവരെ വിട്ടയ്ക്കുന്നത് സംബന്ധിച്ച് എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം ജനീവ കണ്‍വന്‍ഷന്‍ പ്രകാരം ധാരണ നിലവിലുണ്ട്.

രണ്ട് രാജ്യങ്ങള്‍ തമ്മില്‍ പ്രശ്നത്തിലായിരിക്കുമ്പോള്‍ എതിരാളിയുടെ കെെയില്‍ അകപ്പെടുന്നവരെയാണ് യുദ്ധ തടവുകാരെന്ന് പറയുന്നതെന്ന് ഇന്‍റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ്ക്രോസ് വിശദീകരിക്കുന്നു. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ യുദ്ധ തടവുകാര്‍ക്ക് ഉറപ്പാക്കുന്നതാണ് ജനീവ ഉടമ്പടി.

ജനീവ ഉടമ്പടി പ്രകാരം ഇപ്പോള്‍ പാകിസ്ഥാന്‍റെ കസ്റ്റഡിയിലുള്ള അഭിനന്ദന്‍ അപായരഹിതനാണെന്ന് ഉറപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. മനുഷ്യത്വം ഉറപ്പാക്കി വേണം യുദ്ധതടവുകാരോട് പെരുമാറേണ്ടതെന്ന് ജനീവ ഉടമ്പടി നിഷ്കര്‍ഷിക്കുന്നു. ബലപ്രയോഗം നടത്തുക, ക്രൂരമായി ഉപദ്രവിക്കുക, അപമാനിക്കുക, ഭയപ്പെടുത്തുക എന്നിങ്ങനെയൊന്നും അവരോട് ചെയ്യാന്‍ പാടില്ല.

താമസം, ഭക്ഷണം, വസ്ത്രം, ശുചിത്വം, വെെദ്യസഹായം എന്നിവ ഉറപ്പാക്കുകയും വേണം. യുദ്ധം നടക്കുകയാണെങ്കില്‍ അത് അവസാനിച്ച ശേഷം ഒട്ടും വെെകാതെ വിട്ടയ്ക്കണണെന്നും ജനീവ ഉടമ്പടിയില്‍ വ്യക്തമാക്കുന്നു. 1999ലെ കാര്‍ഗില്‍ യുദ്ധത്തിന്‍റെ സമയത്ത് പാകിസ്ഥാന്‍ സെെന്യത്തിന്‍റെ കെെയില്‍ അകപ്പെട്ട കെ നചികേതയെ ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യക്ക് കെെമാറിയത്.