ഫോൺ ചോർത്തൽ വിവാദം പ്രതിപക്ഷത്തിനെതിരെ തിരിക്കാന്‍ ബിജെപി.സോറോസിന്‍റെ എൻജിഒയാണ് ഇടപെട്ടതെന്നും ആക്ഷേപം

 ദില്ലി:ഫോൺ ചോർത്തൽ വിവാദം പ്രതിപക്ഷത്തിനെതിരെ തിരിക്കാന്‍ പുതിയ ആരോപണവുമായി ബിജെപി.പ്രതിപക്ഷ നേതാക്കള്‍ക്ക് ലഭിച്ച സുരക്ഷ സന്ദേശങ്ങൾക്ക് പിന്നിൽ ചൈന അനുകൂല വ്യവസായി ജോർജ് സോറോസെന്ന് ബിജെപി ആരോപിച്ചു.സോറോസിന്‍റെ എൻജിഒയാണ് ഇടപെട്ടതെന്നും ബിജെപി കുറ്റപ്പെടുത്തി.ജോര്‍ജ് സോറോസും രാഹുല്‍ ഗാന്ധിയും തമ്മില്‍ ബന്ധമുണ്ടെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. വിദേശപര്യടനത്തിനിടെ സോറോസുമായി രാഹുല്‍ ചര്‍ച്ച നടത്തിയെന്നും ബിജെപി ആരോപിച്ചിരുന്നു.. അന്വേഷണത്തോട് സഹകരിക്കാന്‍ പ്രതിപക്ഷത്തോടും ആപ്പിളിനോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫോൺ ചോർത്തൽ ;സുരക്ഷ സന്ദേശങ്ങൾക്ക് പിന്നിൽ ജോർജ് സോറോസെന്ന് ബിജെപി

 സര്‍ക്കാര്‍ നിയന്ത്രിത ആക്രമണം നിങ്ങളുടെ ഫോണിനെയും ഇമെയ്ലിനെയും ഉന്നമിട്ടിരിക്കുന്നു. അവര്‍ക്ക് നിങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങളും, ആശയവിനിമയങ്ങളുടെ വിശദാംശങ്ങളും ലഭ്യമാകും. എന്തിനേറെ, മൊബൈല്‍ ഫോണിന്‍റെ ക്യാമറയും, മൈക്രോഫോണും വരെ നിയന്ത്രിക്കാനാകും. പ്രതിപക്ഷ നേതാക്കള്‍ക്കും, ചില മാധ്യമപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞ രാത്രി പതിനൊന്നര മുതല്‍ ഐഫോണുകളില്‍ എത്തിയ സന്ദേശമാണിത്. ആദ്യം പുറത്ത് വിട്ടത് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി. പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, കെ സി വേണുഗോപാല്‍, പവന്‍ഖേര സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ തുടങ്ങി നിരവധി പേര്‍ സമാന സന്ദേശം ലഭിച്ചതായി അറിയിച്ചു. തന്‍റെ ഓഫീസിലുള്ളവര്‍ക്കും സന്ദേശം കിട്ടിയെന്ന് വ്യക്തമാക്കി വാര്‍ത്താ സമ്മേളനം വിളിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കും അദാനിക്കുമെതിരെ ആക്ഷേപം ഉയര്‍ത്തി. 

പിന്നാലെ ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്‍റെ വിശദീകരണമെത്തി. തെറ്റായ മുന്നറിയിപ്പാകാമെന്നും, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞിട്ടില്ലെന്നും,അത്തരം സൈബര്‍ ആക്രമണങ്ങള്‍ കണ്ടെത്തുക പ്രയാസമാണെന്നും ആപ്പിള്‍ വ്യക്തമാക്കി. ഇന്ത്യയില്‍ മാത്രമല്ല 150 രാജ്യങ്ങളില്‍ സമാന സന്ദേശം എത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി സാങ്കേതിക അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പ്രതിപക്ഷത്തിന്‍റേതെന്ന് സര്‍ക്കാരിനെ അപമാനിക്കാനുള്ള ഗൂഢ നീക്കമെന്ന് വിമര്‍ശിച്ചു.