ജാതിയുടെയും മതത്തിൻ്റെയും പേരിലുള്ള ഭിന്നിപ്പിക്കലിനെതിരെ പൗരസമൂഹം ഒന്നിക്കണമെന്നും ആസാദ് ആവശ്യപ്പെട്ടു.

ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നൽകി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് (Ghulam Nabi Azad). സാമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിർബന്ധമില്ലെന്നും എപ്പോൾ വേണമെങ്കിലും തന്‍റെ വിരമിക്കൽ വാർത്ത കേൾക്കാമെന്നും ആസാദ് പറഞ്ഞു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയ പാർട്ടികളിൽ കോൺഗ്രസുമുണ്ടെന്ന വിമര്‍ശനവും ഗുലാം നബി ആസാദ് ഉയര്‍ത്തി. ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള ഭിന്നിപ്പിക്കലിനെതിരെ പൗരസമൂഹം ഒന്നിക്കണമെന്നും ആസാദ് ആവശ്യപ്പെട്ടു. പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ഗുലാബ് നബി ആസാദ് അടങ്ങുന്ന ഗ്രൂപ്പ് 23 നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നാണ് ഗ്രൂപ്പ് 23 ന്റെ വിമര്‍ശനം. 

  • ജെബി മേത്തര്‍ ഇന്ന് നാമനിര്‍ദേശ പത്രിക നൽകും

തിരുവനന്തപുരം: കോണ്‍ഗ്രസ്സിന്‍റെ (congress)രാജ്യസഭാ സ്ഥാനാര്‍ഥിയായി (rajyasabha candidate)ജെബി മേത്തര്‍ (jebi mather)ഇന്ന് നാമനിര്‍ദേശ പത്രിക (nomination)സമര്‍പ്പിക്കും. രാവിലെ 11 മണിയോടെ റിട്ടേണിംഗ് ഓഫീസറായ നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് പത്രിക നല്‍കുക. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം എത്തിയാകും പത്രിക സമര്‍പ്പിക്കുക. ഒരുപാട് ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തര്‍ രാജ്യസഭാ സ്ഥാനാര്‍ഥിയായത്. ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. നേരത്തെ ഇടതുപക്ഷത്തില്‍ നിന്ന് എ എ റഹിമും പി സന്തോഷ്കുമാറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

ഇതിനിടെ ജെബി മേത്തർ നാമനിർദേശ പത്രിക സമർപ്പിക്കുന്നതോടെ രാജ്യസഭ സീറ്റിനെചൊല്ലിയുള്ള വിവാദങ്ങൾ അവസാനിച്ചെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹൈക്കമാന്റ് തീരുമാനിച്ച സ്ഥാനാർഥിക്ക് എല്ലാവരും പൂർണ പിന്തുണ നൽകും. ആർ എസ് പി നേതാവ് എ എ അസീസിന്റെ പെയ്ഡ് സീറ്റ് പരാമർശം എത് സാഹചര്യത്തിലാണെന്ന് അറിയില്ല. സീറ്റ് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ആണ്. സമൂഹ മാധ്യമങ്ങളിലെ ചേരിതിരിഞ്ഞുളള പഴിചാരൽ ശരിയല്ലെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.