ദില്ലി: ബിജെപിയുമായുള്ള സഖ്യം ശിവസേന ഉപേക്ഷിച്ചതിന് പിന്നാലെ ഒരു പഴയകാല ചിത്രം പങ്കുവച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ, ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, അടല്‍ ബിഹാരി വാജ്പേയി, എന്നിവര്‍ ഒരുമിച്ചിരിക്കുന്ന ചിത്രമാണ് മന്ത്രി ട്വീറ്റ് ചെയ്തത്.  കോണ്‍ഗ്രസുമായും ശരത് പവാറിന്‍റെ എന്‍സിപിയുമായും സഖ്യം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമെന്ന് ശിവസേന പ്രഖ്യാപിച്ച് മിനുട്ടുകള്‍ക്കകമാണ് ഫോട്ടോ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

മുഖ്യമന്ത്രി സ്ഥാനത്തേക്ക് 50-50 എന്ന നയവുമായി ശിവസേന എത്തിയതാണ് സഖ്യം പിരിയാന്‍ കാരണമായത്. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ബിജെപി, ശിവസേനയുടെ ഉറച്ച നിലപാടില്‍ മുട്ടുമടക്കുകയായിരുന്നു. ഇനി മഹാരാഷ്ട്രയില്‍ ഒരു മുഖ്യമന്ത്രിയുണ്ടാകുന്നുവെങ്കില്‍ അത് ശിവസേനയുടേതാകുമെന്നായിരുന്നു സേനയിലെ മുതിര്‍ന്ന നേതാക്കളുടെയല്ലാം പ്രതികരണം. 

ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് അമിത് ഷായുമായി 50-50 കരാര്‍ ഉണ്ടാക്കിയിരുന്നുവെന്ന ഉദ്ദവ് താക്കറെയുടെ വാക്കുകളെ ബിജെപി പൂര്‍ണ്ണമായി നിഷേധിക്കുകയായിരുന്നു. തിങ്കളാഴ്ച, ശിവസനേ പാര്‍ട്ടിയുടെ ഏക കേന്ദ്രമന്ത്രിയായ അരവിന്ദ് സാവന്തിനെ തിരിച്ചുവിളിച്ചു. ഇരുപാര്‍ട്ടികളും തമ്മിലുള്ള പിളര്‍പ്പിന് കാരണം ഉദ്ദവ് താക്കറെയാണെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു ഗിരിരാജ് സിംഗിന്‍റെ ട്വീറ്റ്. 

ഹിന്ദുത്വയ്ക്കെതിരായി നിലകൊള്ളുന്ന പാര്‍ട്ടികള്‍ക്കൊപ്പം ശിവസേന പോകുന്നതില്‍ ബാല്‍ താക്കറെ വേദനിക്കുന്നുണ്ടാകുമെന്ന് ഗിരിരാജ് സിംഗ് ട്വീറ്റില്‍ പറഞ്ഞു. മറ്റുള്ളവര്‍ വിഭജിക്കുമ്പോള്‍ ബാലാസാഹേബ് എങ്ങനെയാണ് എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തിയതെന്ന് ചരിത്രം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1989 ല്‍ സേന രൂപീകരിച്ചതിന് ശേഷമുള്ള 35 വര്‍ഷത്തെ കൂട്ടുകെട്ടില്‍ ഇത് രണ്ടാം തവണയാണ് ബിജെപിയുമായി തെറ്റിപ്പിരിയുന്നത്. എന്നാല്‍ കോണ്‍ഗ്രസുമായൊരു സഖ്യം ഇതാദ്യമാണ്.