ഭുവനേശ്വര്‍: ഉയര്‍ന്ന ജാതിയില്‍പ്പെട്ട ആളുടെ വീട്ടില്‍നിന്ന് പതിനഞ്ചുകാരിയായ ദളിത് പെണ്‍കുട്ടി പൂ പറിച്ചെന്ന് ആരോപിച്ച് 40 ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്. ഒഡീഷയിലെ  ദേന്‍കനാല്‍ ജില്ലയിലെ കാന്റിയോ കട്ടേനി ഗ്രാമത്തിലാണ് രാജ്യത്താകെ നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്.  ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ വീട്ടില്‍ നിന്നും പൂ പറച്ചെന്ന് ആരോപിച്ച് രണ്ടാഴ്ചയോളമായി 40ദളിത് കുടുംബങ്ങള്‍ക്ക് ഗ്രാമത്തില്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ദേശീയ മാധ്യമമായ ദ ഇന്ത്യന്‍ എക്സപ്രസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തങ്ങളുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടി പൂ മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടുകാര്‍ രംഗത്ത് വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് ഇത് ജാതിയെ ചൊല്ലിയുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദളിത് സമുദായത്തില്‍പ്പെട്ടവരെ ഗ്രാമത്തില്‍ നിന്നും പുറത്താക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  ഗ്രാമത്തിലെ ഒരുവിഭാഗം യോഗംചേര്‍ന്ന് തങ്ങളെ പുറത്താക്കാന്‍ തീരുമാനിച്ചു.  തങ്ങളോട് സംസാരിക്കാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും ഗ്രാമത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ വിലക്കുണ്ട്. പൂ പറിച്ച സംഭവം അറിഞ്ഞ ഉടന തങ്ങള്‍‌ ക്ഷമാപണം നടത്തിയതാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

സംഭവത്തി ഊരുവിലക്കു നേരിടുന്നവര്‍  ജില്ലാ ഭരണകൂടത്തിനും പൊലീസിലും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സബ്കളക്ടറുടെ അധ്യക്ഷതയില്‍ സമാധാന യോഗം വിളിച്ച് ചേര്‍ത്തെങ്കിലും പരിഹാരമുണ്ടായില്ല. കട്ടേനി  ഗ്രാമത്തില്‍ മൊത്തം 800 കുടുംബങ്ങളാണ് താമസിക്കുന്നത്. 

ഇതില്‍ 40 കുടുംബങ്ങള്‍ പട്ടികജാതിയില്‍ പെട്ട നായിക് സമുദായക്കാരാണ്. ഇതില്‍ ഭൂരിഭാഗവും കര്‍ഷകരാണ്. വയലുകളില്‍ ജോലിക്ക് ചെല്ലാനും ഗ്രാമത്തില്‍ നിന്ന് ആവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനടക്കം ഇവരെ വിലക്കിയിരിക്കുകയാണ്. പ്രശ്‌നത്തില്‍ ഇടപെടുമെന്നും വീണ്ടും സമാധാന  യോഗം സംഘടിപ്പിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് സബ് കളക്ടര്‍ വ്യക്തമാക്കി .