അധികൃതരെ പരാതിയുമായി സമീപിച്ചെങ്കിലും പരിഹാരമായില്ല. ഇതേ തുടര്‍ന്നാണ് വൈദ്യുതി മുടങ്ങുന്നത് എങ്ങനെയെന്ന് കണ്ടുപിടിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്.
പട്ന: എല്ലാ ദിവസവും ഗ്രാമത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്ന പെണ്‍കുട്ടിയെ ഒടുവില്‍ ഗ്രാമവാസികള്‍ കാത്തിരുന്ന് കൈയോടെ പിടികൂടി. ബിഹാറിലെ ബെട്ടിയ ഗ്രാമത്തിലായിരുന്നു സംഭവം. പ്രീതി കുമാരി എന്ന പെണ്‍കുട്ടിയാണ് രാത്രി തന്റെ കാമുകന്‍ രാജ്‍കുമാറിനെ കാണാനായി ഗ്രാമത്തിലേക്ക് ഒന്നടങ്കമുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്നത്. വൈദ്യുതി മുടങ്ങുന്നതിന് പലയിടത്തും പരാതി പറഞ്ഞ് മടുത്ത നാട്ടുകാര്‍ ഒടുവില്‍ കാരണം അന്വേഷിച്ച് ഇറങ്ങുകയായിരുന്നു.
വെസ്റ്റ് ചമ്പാരാനിലെ രണ്ട് ഗ്രാമങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലേക്ക് വരെ നയിച്ച പ്രണയകഥയാണ് പ്രീതിയുടേയും തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നുള്ള രാജ്കുമാറിന്റെയും. എല്ലാ ദിവസവും രാത്രി പതിവായി വൈദ്യുതി മുടങ്ങുന്നതില്‍ നാട്ടുകാര്‍ പൊറുതിമുട്ടിയിരുന്നു. രാത്രി വൈദ്യുതി മുടങ്ങുന്നതോടെ ഗ്രാമത്തില്‍ പല മോഷണങ്ങളും നടന്നതായി ഗ്രാമവാസികളില്‍ ചിലര്‍ പറഞ്ഞു. അധികൃതരെ പരാതിയുമായി സമീപിച്ചെങ്കിലും പരിഹാരമായില്ല. ഇതേ തുടര്‍ന്നാണ് വൈദ്യുതി മുടങ്ങുന്നത് എങ്ങനെയെന്ന് കണ്ടുപിടിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്.
തൊട്ടടുത്ത ദിവസം വൈദ്യുതി മുടങ്ങിയതിന് പിന്നാലെ നാട്ടുകാര്‍ പ്രീതിയേയും രാജ്കുമാറിനെയും കൈയോടെ പിടികൂടി. രാജ്കുമാറിനെ നാട്ടുകാര്‍ മര്‍ദിച്ചു. ഇതിന്റെ തുടര്‍ച്ചയായി രാജ്കുമാര്‍ തന്റെ ഗ്രാമത്തില്‍ നിന്ന് ആളുകളെ വിളിച്ചുവരുത്തി തിരിച്ചടിച്ചു. ഗ്രാമവാസികള്‍ രാജ്കുമാറിനെ മര്‍ദിക്കുന്നതിന്റെയും പ്രീതി അത് തടയാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശേഷം രണ്ട് ഗ്രാമങ്ങളിലെയും ആളുകള്‍ മുന്‍കൈയെടുത്ത് ഇവരുടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ക്ഷേത്രത്തില്‍വെച്ച് വിവാഹ ചടങ്ങുകളും നടന്നു.
