കുടുംബത്തോടൊപ്പം സ്റ്റേഷനിൽ ഹാജരായപ്പൊഴാണ് പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൊഴിയെടുത്തതിനുശേഷം പെൺകുട്ടിയെ വിട്ടയച്ചാതായും പുരി എസ്‍പി ഉമ ശങ്കർ ദാസ് പറഞ്ഞു. 

പുരി: ക്ഷേത്രത്തിനകത്ത് വച്ച് വീഡിയോ എടുക്കുകയും ടിക് ടോക്കിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുരിയിലെ നിമപാര സ്വദേശിയായ പെൺകുട്ടിയെയാണ് സിങ്ങദ്വാര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒഡീഷയിലെ പുണ്യപുരാതന ക്ഷേത്രമായ ശ്രീ ജ​ഗനാഥ് ക്ഷേത്രത്തിനകത്ത് വച്ചാണ് പെൺകുട്ടി വീഡിയോ ചിത്രീകരിച്ചത്.

വീഡിയോ വൈറലായതോടെ ക്ഷേത്രം ഭാരവാഹികളാണ് വീഡിയോയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തുകയും പെൺകുട്ടിയാണ് വീഡിയോ എടുത്ത് ടിക് ടോക്കിൽ പങ്കുവച്ചെന്ന് കണ്ടെത്തുകയുമായിരുന്നു. കുടുംബത്തോടൊപ്പം സ്റ്റേഷനിൽ ഹാജരായപ്പോഴാണ് പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കരുതെന്ന് താക്കീത് നല്‍കിയതിനുശേഷം പെൺകുട്ടിയെ വിട്ടയച്ചതായും പുരി എസ്‍പി ഉമ ശങ്കർ ദാസ് പറഞ്ഞു.

കഴിഞ്ഞ ദിവസം, ഇതുപോലെ മറ്റൊരു പെൺകുട്ടിയും ശ്രീ ജ​ഗനാഥ് ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിൽ വച്ച് വീഡിയോ എടുക്കുകയും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തതിരുന്നു. ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കടത്തരുതെന്ന കർശന നിർദ്ദേശം ലംഘിച്ചായിരുന്നു പെൺകുട്ടി വീഡിയോ പകർത്തിയത്.