മുംബൈ: മുംബൈയിലെ സബര്‍ബന്‍ ഖറിലെ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് 10 വയസ്സുകാരി മരിച്ചു. കെട്ടിത്തിലുണ്ടായിരുന്ന 20ഓളം പേരെ രക്ഷപ്പെടുത്തി. പൊളിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയാണ് മഹി മോത്‍വാനി എന്ന പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടമായത്. ഖര്‍ ജിംഖാനയ്ക്ക് സമീപത്തുള്ള അഞ്ച് നിലകെട്ടിടമാണ് പൊളിഞ്ഞുവീണത്. 

''21 പേരെ ഞങ്ങള്‍ രക്ഷപ്പെടുത്തി. രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ഉടന്‍തന്നെ ഭാഭാ ആശുപത്രിയിലെത്തിച്ചു. ഇവരിലൊരാള്‍ ആശുപത്രിവിട്ടു. മറ്റേയാള്‍ ഇപ്പോഴും ചികിത്സയിലാണ്. '' - അധികൃതര്‍ പറഞ്ഞു. ഉച്ചയ്ക്ക് 2.20ഓടെയാണ് കെട്ടിടത്തിന്‍റെ ഒരുഭാഗം തകര്‍ന്നുവീണത്. നാല് ഫയര്‍ എഞ്ചിനുകളും  രക്ഷാപ്രവര്‍ത്തകരും ആമ്പുലന്‍സും ദേശീയ ദുരന്ത പ്രതികരണ സേനയും സ്ഥലത്തെത്തിയിരുന്നു.