പാറ്റ്ന: ബിഹാറിലെ ബുക്സാറില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം വെടിവച്ച് കൊന്ന് മൃതദേഹം ചുട്ടുകരിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് പൊലീസ് കണ്ടെടുത്തത്. ബിഹാറിന്‍റെ തലസ്ഥാനമായ പാറ്റ്നയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ബുക്സാര്‍. 

പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴാണ് അരക്ക് മുകളിലേക്ക് കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് മുമ്പ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായും പൊലീസ് വ്യക്തമാക്കി. 

പെണ്‍കുട്ടി ആരാണെന്നോ പ്രായം എത്രയാണെന്നോ ഇതുവരെയും വ്യക്തമായിട്ടില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ പെണ്‍കുട്ടിയുടെ പ്രായം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. 

തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് ബലാത്സംഗത്തിന് ശേഷം വെടിവച്ച് കൊന്നതും മൃതദേഹം കത്തിച്ചുകളഞ്ഞതും.  പെണ്‍കുട്ടിയുടെ തലയ്ക്കാണ്ാ വെടിയേറ്റിരിക്കുന്നത്. തോക്കിന്‍റെ ഒഴിഞ്ഞ തിര സമീപസ്ഥലത്തുനിന്ന് കണ്ടെത്തി. 

മുഖം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞതിനാല്‍ ഗ്രാമത്തിലുള്ളവര്‍ക്ക് പെണ്‍കുട്ടിയെ തിരിച്ചറിയാനായില്ല. ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച സംഭവത്തിന്‍റെ നടുക്കം മാറുന്നതിന് മുമ്പാണ് രാജ്യം മറ്റൊരു ക്രൂരകൊലപാതകത്തിന് കൂടി സാക്ഷിയാകുന്നത്. നവംബര്‍ 27 നാണ് നാലുപേര്‍ ചേര്‍ന്ന് 26കാരിയായ വെറ്ററിനറി ഡോക്ടറെ അരുകൊല ചെയ്തത്.