ബസ് ഇറങ്ങി പെട്രോള്‍ പമ്പില്‍ നില്‍ക്കവെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയ കോളേജ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി
ബൈക്കില്‍ എത്തിയ രണ്ട് പേരാണ് ബലമായി പിടിച്ച് പെണ്‍കുട്ടിയെ ബൈക്കിന്റെ സീറ്റില്‍ ഇരുത്തിയ ശേഷം വാഹനം ഓടിച്ച് പോയത്.

ഗ്വാളിയോര്‍: ബസ് ഇറങ്ങി സഹോദരനെ കാത്തു നില്‍ക്കവെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയ യുവതിയെ കണ്ടെത്തി. 19 വയസുകാരിയായ കോളേജ് വിദ്യാര്‍ത്ഥിനിടെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം അന്വേഷിക്കാനായി രണ്ട് സംഘങ്ങളെ പൊലീസ് നിയോഗിച്ചിരുന്നു.
മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ജാന്‍സി റോഡില്‍ കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ 9.30ഓടെ ബസ് ഇറങ്ങിയ ശേഷം സമീപത്തെ ഒരു പെട്രോള്‍ പമ്പില്‍ നില്‍ക്കവെയാണ് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ വിദ്യാര്‍ത്ഥിനിടെ തട്ടിക്കൊണ്ട് പോയത്. ബൈക്കിന്റെ പിന്നിലിരുന്ന ഒരാള്‍ ഇറങ്ങി പെണ്‍കുട്ടിയെ പിടിച്ച് ബൈക്കിന്റെ സീറ്റില്‍ ഇരുത്തുകയായിരുന്നു. ഇയാള്‍ കൂടി കയറിയിരുന്ന ശേഷം ബൈക്ക് ഓടിച്ചുപോയി. സംഘത്തിലെ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. രണ്ടാമന്‍ തുണി കൊണ്ട് മുഖം മറച്ചിരുന്നു. പെണ്‍കുട്ടി രക്ഷപ്പെടാനും ബൈക്കില്‍ കയറാതിരിക്കാനും ശ്രമിച്ചിരുന്നെങ്കിലും ബലം പ്രയോഗിച്ച് സീറ്റിലിരുത്തി കൊണ്ട് പോയി.
സംഭവം മുഴുവന്‍ പെട്രോള്‍ പമ്പിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. തട്ടിക്കൊണ്ട് പോകല്‍ നടക്കുന്ന സമയത്ത് തൊട്ടടുത്ത് തന്നെ പമ്പിലെ ജീവനക്കാരനും വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ നില്‍ക്കുന്നവരുമൊക്കെ ഉണ്ടായിരുന്നെങ്കിലും ആരും ഇടപെടാനും തടയാനോ മുതിര്‍ന്നില്ലെന്ന് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഗുണയിലെ ഒരു ലോഡ്ജില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. തട്ടിക്കൊണ്ട് പോയ സംഘത്തിലെ ഒരാളെ ലഹറില്‍ നിന്ന് അറസ്റ്റ് ചെയ്തതായും ഗ്വാളിയോര്‍ പൊലീസ് സീനിയര്‍ സൂപ്രണ്ട് രാജേഷ് സിങ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...