ദില്ലി: സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷയില്‍ ആണ്‍കുട്ടികളെ കടത്തിവെട്ടി പെണ്‍കുട്ടികളുടെ വിജയഗര്‍ജനം. അതിവേഗം ഫലം എത്തിയപ്പോള്‍ പരീക്ഷയെഴുതിയവരില്‍ 88.70 ശതമാനം പെണ്‍കുട്ടികളും വിജയം നേടി. അതേസമയം, ആണ്‍കുട്ടികളുടെ വിജയശതമാനം 79.40 ആണ്. ട്രാന്‍സ്‍ജെന്‍ഡര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയവരില്‍ 83.3 ശതമാനം പേരും വിജയം നേടി തിളങ്ങി.

ഏറ്റവും കൂടുതല്‍ വിജയശതമാനം നേടി തിരുവനന്തപുരം മേഖല കേരളത്തിനും അഭിമാനനേട്ടം സമ്മാനിച്ചു. 98.20 ശതമാനമാണ് തിരുവനന്തപുരത്തിന്‍റെ വിജയശതമാനം. രണ്ടാം സ്ഥാനത്തുള്ള ചെന്നെെയുടേത് 92.93 ശതമാനമാണ്.

സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത വിദേശ സ്കൂളുകളും ഇത്തവണ മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം 94.94 ആയിരുന്ന വിജയശതമാനം 95.43 ആയി ഉയര്‍ത്തി. ആകെ 12.05 ലക്ഷം പേരാണ് ഇത്തവണ സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷ എഴുതിയത്.