കെട്ടിച്ചമച്ച കേസുകളുടെ പേരില്‍ ദിവസേന താങ്ങാനാവാത്ത മാനസിക സമ്മര്‍ദ്ദമാണ് തങ്ങള്‍ അനുഭവിക്കുന്നതെന്ന് കത്തില്‍ പറയുന്നു.  

അമൃത്‍സര്‍: കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് പ്രസിഡന്‍റ് രാംനാഥ് കോവിന്ദിന് ചോര കൊണ്ട് കത്തെഴുതി പെണ്‍കുട്ടികള്‍. കള്ളക്കേസില്‍ നിന്നും തങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് പഞ്ചാബ് സ്വദേശികളായ നിഷ, അമന്‍ ജ്യോത് കൗര്‍ എന്നിവരാണ് പ്രസിഡന്‍റിന് കത്തെഴുതിയത്. 

വിസ തട്ടിപ്പും വഞ്ചനാക്കുറ്റവുമാണ് പെണ്‍കുട്ടികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. കെട്ടിച്ചമച്ച കേസുകളുടെ പേരില്‍ താങ്ങാനാവാത്ത മാനസിക സമ്മര്‍ദ്ദമാണ് തങ്ങള്‍ അനുഭവിക്കുന്നതെന്ന് കത്തില്‍ പറയുന്നു. നീതി ലഭിച്ചില്ലെങ്കില്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും ദയാവധത്തിന് വിധേയരാക്കണം എന്നും പെണ്‍കുട്ടികള്‍ ആവശ്യപ്പെടുന്നു. 

ഐപിസി 420 വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം വേണമെന്ന തങ്ങളുടെ അപേക്ഷ പരിഗണിച്ചില്ലെന്ന് പെണ്‍കുട്ടികള്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറ‍ഞ്ഞു.