Asianet News MalayalamAsianet News Malayalam

അമിത് ഷായ്ക്ക് നേരെ 'ഗോ ബാക്ക്' വിളിച്ചത് മലയാളി പെൺകുട്ടി, ഇറക്കിവിട്ട് ഫ്ലാറ്റുടമ

ഇന്ന് തന്നെ ഫ്ലാറ്റ് ഒഴിയണമെന്ന് ഉടമകൾ പെൺകുട്ടികളോട് ആവശ്യപ്പെട്ടതായാണ് അവരുടെ സുഹൃത്തുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പ്രാദേശികമായി ഇവർക്കെതിരെ പ്രതിഷേധം ഉയരുന്നതിനാൽ വീടിന്‍റെ സുരക്ഷയാണ് പ്രധാനമെന്ന് ഫ്ലാറ്റുടമകൾ പറഞ്ഞതായും സുഹൃത്തുക്കൾ.

go back slogans against amit shah women who raised slogans forced to leave rented home
Author
New Delhi, First Published Jan 5, 2020, 7:41 PM IST

ദില്ലി:  പൗരത്വ നിയമഭേദഗതിക്ക് അനുകൂലമായി വീടുവീടാന്തരം കയറി പ്രചാരണം നടത്താനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എതിരെ 'ഗോ ബാക്ക്' മുദ്രാവാക്യം വിളിച്ച മലയാളി യുവതിയെ അടക്കം രണ്ട് സ്ത്രീകളെ ഇറക്കി വിട്ട് ഫ്ലാറ്റുടമകൾ. ഇന്ന് തന്നെ ഫ്ലാറ്റൊഴിയണമെന്ന് യുവതികളോട് ഫ്ലാറ്റുടമകൾ ആവശ്യപ്പെട്ടെന്ന് സുഹൃത്തുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സൂര്യ, ഹർമിയ എന്നീ യുവതികളാണ് മുദ്രാവാക്യം വിളിച്ചത്. ഇതിൽ മുദ്രാവാക്യം വിളിച്ച സൂര്യ മലയാളിയാണ്. കൊല്ലം സ്വദേശിനിയാണ്. ബിരുദവിദ്യാർത്ഥിനിയും, അഭിഭാഷകയുമാണ് ഇവർ രണ്ടുപേരും. യുവതികൾക്കെതിരെ പ്രാദേശികമായി വലിയ ജനവികാരമുണ്ടെന്നും, അതിനാൽ അടിയന്തരമായി ഫ്ലാറ്റൊഴിയണമെന്നാണ് ആവശ്യപ്പെട്ടത്. ഉടനടി സാധനങ്ങളുമെടുത്ത് മാറാൻ ഒരുങ്ങുകയാണ് യുവതികളെന്നാണ് ലഭിക്കുന്ന വിവരം.

ബിജെപിയ്ക്ക് വലിയ ശക്തിയുള്ള പ്രദേശമാണ് അമിത് ഷായ്ക്ക് എതിരെ പ്രതിഷേധം നടന്ന ദില്ലിയിലെ ലാജ്പത് നഗർ. ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയ് ഗോയൽ അടക്കമുള്ളവർ ഇടപെട്ടാണ്, പ്രതിഷേധങ്ങളൊന്നും ഉണ്ടാകാൻ ഇടയില്ലാത്ത സ്ഥലമെന്ന നിലയിൽ, ലാജ്പത് നഗർ ഭവനസന്ദർശനത്തിനായി തെരഞ്ഞെടുത്തത്. എന്നാൽ അവിടെത്തന്നെയാണ് ഇത്തരത്തിലൊരു ഗോബാക്ക് വിളിയുണ്ടായത് എന്നത് പാർട്ടിക്ക് തന്നെ വലിയ നാണക്കേടായി.

ഏതാണ്ട് നാലേമുക്കാലോടെയാണ് അമിത് ഷാ ലജ്പത് നഗറിലെ കോളനിയിലെത്തിയത്. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്താനെന്ന പേരിൽ ബിജെപി നടത്തിയ പരിപാടിയിൽ പങ്കെടുത്ത് കൈവീശി നടന്നുപോവുകയായിരുന്ന അമിത് ഷായ്ക്ക് നേരെയാണ് രണ്ട് യുവതികൾ ഗോ ബാക്ക് വിളിച്ചത്. 

വെള്ളത്തുണിയിൽ ചായം കൊണ്ടെഴുതിയ വലിയ ബാനറുകൾ വീടിന്‍റെ മുകളിൽ നിന്ന് താഴേക്ക് വിരിച്ചുകൊണ്ടായിരുന്നു യുവതികളുടെ ഗോബാക്ക് വിളി. എന്നാൽ അമിത് ഷാ പ്രതികരിക്കാൻ നിൽക്കാതെ നടന്ന് പോയി. ആദ്യം കയറിയ വീട്ടിൽ ആളുകളോട് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴാണ്, യുവതികൾ വീടിന് മുകളിൽ നിന്ന് അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളിച്ചത്.  

ഇവർക്കെതിരെ അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്ന പ്രവർത്തകരിൽ ചിലർ രൂക്ഷമായ ഭാഷയിലാണ് തിരിച്ച് പ്രതികരിച്ചത്. ഇതേത്തുടർന്ന് പൊലീസ് ഇവരുടെ വീടിന് കാവൽ ഏർപ്പെടുത്തിയിരുന്നു. ആക്രമണസാധ്യതയുണ്ടെന്ന് കണ്ട് സംഘർഷം ഒഴിവാക്കാനായിരുന്നു പൊലീസ് നടപടി.

പൗരത്വ നിയമഭേദഗതിയിൽ ജനരോഷം ആളിക്കത്തിയപ്പോൾ പ്രതിരോധത്തിലായ ബിജെപി വിപുലമായ പ്രചാരണത്തിനാണ് തുടക്കം കുറിച്ചത്. വിപുലമായി പണം ചെലവഴിച്ച്, വൻ പ്രചാരണം നടത്താൻ തന്നെയാണ് ബിജെപി ഒരുങ്ങുന്നത്. താഴേത്തട്ടിൽ നിന്ന് പ്രചാരണം തുടങ്ങി. വീടുവീടാന്തരം കയറി ദേശീയ പൗരത്വ റജിസ്റ്ററിനെക്കുറിച്ച് വിശദീകരിക്കലാണ് ആദ്യപടി. രാജ്യവ്യാപകമായി മുന്നൂറ് ഇടങ്ങളിൽ വാർത്താ സമ്മേളനങ്ങൾ, ആയിരം റാലികൾ എന്നിവയായിരുന്നു ബിജെപിയുടെ പദ്ധതി.

ഇതിന്‍റെ ഭാഗമായി കേരളത്തിൽ നടത്തിയ വീട് കയറി പ്രചാരണത്തിന്‍റെ തുടക്കത്തിൽ തന്നെ, ജോർജ് ഓണക്കൂറിന്‍റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോട് എഴുത്തുകാരൻ എതിർപ്പറിയിച്ചത് സംസ്ഥാനത്തെ ബിജെപിയുടെ പ്രചാരണത്തിൽ കല്ലുകടിയായിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായ്ക്ക് എതിരെത്തന്നെ ജനങ്ങൾ ഗോ ബാക്ക് വിളിക്കുന്നത്. 

Follow Us:
Download App:
  • android
  • ios