ഗോവ വിമാനത്താവള ഡയറക്ടർക്ക് ഭീഷണി സന്ദേശം കിട്ടിയത് അർദ്ധരാത്രിയോടെയാണ്. തുടർന്ന് വിമാന കമ്പനിയുമായി ബന്ധപ്പെട്ട് വഴി തിരിച്ചുവിടുകയായിരുന്നു.

ഗോവ: റഷ്യയിൽ നിന്ന് ഗോവയിലേക്കുള്ള വിമാനം ബോംബ് ഭീഷണിയെ തുടർന്ന് വഴിതിരിച്ചുവിട്ടു. ഉസ്ബകിസ്ഥാനിലേക്കാണ് വിമാനം അയച്ചത്. 238 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഗോവ വിമാനത്താവള ഡയറക്ടർക്ക് ഭീഷണി സന്ദേശം കിട്ടിയത് അർദ്ധരാത്രിയോടെയാണ്. തുടർന്ന് വിമാന കമ്പനിയുമായി ബന്ധപ്പെട്ട് വഴി തിരിച്ചുവിടുകയായിരുന്നു. ബോംബ് ഭീഷണിക്ക് പിന്നാലെ ഗോവയിലെ ഡാബോളിം വിമാനത്താവളത്തിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഉസ്ബകിസ്ഥാനിൽ അടിയന്തരമായി ഇറക്കിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന തുടരുകയാണ്. ശനിയാഴ്ട രാവിലെ 4.15ന് ദക്ഷിണ ഗോവയില്‍ ഇറങ്ങേണ്ട വിമാനമാണ് വഴിതിരിച്ചുവിട്ടത്. അസുര്‍ എയറിന്‍റെ എഇസഡ് വി2463 എന്ന വിമാനമാണ് വഴി തിരിച്ച് വിട്ടത്.ഇന്ത്യയുടെ ആകാശ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ വിമാനം വഴി തിരിച്ച് വിടുകയായിരുന്നു.വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കിയത്. ഈ മാസം ഇത്തരത്തില്‍ റഷ്യയില്‍ നിന്നുള്ള വിമാനത്തിന് ബോംബ് ഭീഷണി നേരിടുന്നത് ഇത് രണ്ടാമത്തെ തവണയാണ്.

ഓസ്കാർ കുച്ചേര അടക്കം 244പേര്‍ സഞ്ചരിച്ച വിമാനത്തില്‍ വ്യാജബോംബ് ഭീഷണി; ജാംനഗറില്‍ അടിയന്തരലാന്‍ഡിംഗ്, പരിശോധന

ജനുവരി 9നും ബോംബ് ഭീഷണിയെ തുടര്‍ന്ന് മോസ്കോയിൽ നിന്നുള്ള വിമാനം ജാം നഗറിൽ ഇറക്കിയിരുന്നു. ഇതും അസുര്‍ എയറിന്‍റെ വിമാനമായിരുന്നു. റഷ്യൻ നടൻ ഓസ്കാർ കുച്ചേര അടക്കം 244 യാത്രക്കാരായിരുന്നു ജനുവരി രണ്ടാം വാരം ജാംനഗറിലിറക്കിയ വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൽ നടത്തിയ പരിശോധനയിൽ സ്ഫോടവസ്തുക്കൾ ഒന്നും കണ്ടെത്തിയില്ല. യാത്രക്കാരുടെ ബാഗേജുകളും പരിശോധിച്ചിരുന്നു. ജില്ലാ കലക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും ജാം നഗർ വിമാനത്താവളത്തിൽ എത്തിയാണ് പരിശോധന നടത്തിയത്. 

Scroll to load tweet…