പനജി: ദേശീയ പൗരത്വ പട്ടികയും പൗരത്വ നിയമ ഭേദഗതിയും ഗോവയില്‍ നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ഗോവയിലെ ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും പ്രമോദ് സാവന്ത് പറഞ്ഞു. ഗോവയില്‍ ഒരു സ്വകാര്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രമോദ്. പോര്‍ച്ചുഗീസ് പാസ്പോര്‍ട്ടുകളുള്ള ഗോവക്കാര്‍ ഭയേക്കേണ്ട കാര്യമില്ലെന്നും പ്രമോദ് പറഞ്ഞു. 

ദേശീയ പോപ്പുലേഷന്‍ രജിസ്റ്റര്‍ സംബന്ധിച്ച ഗസറ്റ് വിജ്ഞാപനത്തേക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നും  പ്രമോദ് പറഞ്ഞു. ഗോവയിലുള്ള താമസക്കാരെ പൗരത്വ നിയമ ഭേദഗതി ബാധിക്കില്ല. പോര്‍ച്ചുഗീസ് പാസ്പോര്‍ട്ട് കയ്യിലുള്ളവര്‍ക്ക് അത് ഇന്ത്യന്‍ പാസ്പോര്‍ട്ടിലേക്ക് നിയമപരമായി മാറ്റാന്‍ സാധിക്കുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു. 

ഗോവയിലുള്ള പോര്‍ച്ചുഗീസുകാരെ നിയമം എത്തരത്തിലാണ് ബാധിക്കുകയെന്ന് ബിജെപി നയിക്കുന്ന ഗോവന്‍ സര്‍ക്കാര്‍ വിശദമാക്കണമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സമ്മര്‍ദ്ദം ഉയര്‍ത്തുന്നുണ്ട്. പോര്‍ച്ചുഗീസ് വേരുകള്‍ ഉപയോഗിച്ച് ഏകദേശം 30000 ഗോവന്‍ സ്വദേശികള്‍ ലണ്ടനില്‍ താമസിക്കുന്നുവെന്നാണ് കണക്കുകള്‍. 

രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് ബിജെപി ഭരിക്കുന്ന ഗോവയില്‍ നിയമം നടപ്പിലാക്കേണ്ട ആവശ്യമില്ലെന്ന പ്രതികരണവുമായി മുഖ്യമന്ത്രി എത്തുന്നത്.