പനാജി: ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വിനോദ സഞ്ചാര മേഖലകളിലൊന്നാണ് ഗോവ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ ഗോവന്‍ സൗന്ദര്യം ആസ്വദിക്കാനായി ഒഴുകിയെത്താറുണ്ട്. മനോഹരമായ ബീച്ചുകളില്‍ മതിവരുവോളം മദ്യപിച്ച് ഉല്ലസിക്കുന്നത് സഞ്ചാരികളെ സംബന്ധിച്ചടുത്തോളം ഏറെ പ്രിയമാണ്. കേരളത്തില്‍ നിന്നുള്ള സഞ്ചാരികളെ സംബന്ധിച്ചടുത്തോളം മദ്യത്തിന്‍റെ വിലക്കുറവും ആകര്‍ഷിക്കുന്ന ഘടകങ്ങളിലൊന്നാണ്.

എന്നാല്‍ ആ സന്തോഷത്തിന് ഇനി അധികം ആയുസില്ലെന്നതാണ് ഗോവയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മദ്യവിലയില്‍ അമ്പത് ശതമാനത്തിന്‍റെ വര്‍ധനവ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് ഗോവന്‍ സര്‍ക്കാര്‍. വരുന്ന ഏപ്രില്‍ ഒന്ന് മുതല്‍ മദ്യവിലയില്‍ അമ്പത് ശതമാനത്തിന്‍റെ വര്‍ധനവ് നടപ്പിലാകും. ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാനാണ് ഇത്തരമൊരു നീക്കത്തിലേക്ക് മുഖ്യമന്ത്രിയെ നയിച്ചത്. മദ്യവില വര്‍ധനവിലൂടെ 250 മുതല്‍ 300 കോടിവരെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കി. അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ ഇക്കാര്യം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മദ്യത്തിന്‍റെ എല്ലാ തരത്തിലുമുള്ള നികുതിയിലും വര്‍ധനവുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.