പനാജി: അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പശുക്കള്‍ മാംസഭുക്കുകളായി മാറിയെന്ന് ഗോവയിലെ മാലിന്യ സംസ്‌കരണ മന്ത്രി മൈക്കിള്‍ ലോബോ. മുന്‍പ് സസ്യഭക്ഷണം മാത്രം കഴിച്ചിരുന്ന പശുക്കളെല്ലാം ഇപ്പോള്‍ മാംസഭക്ഷണം തേടി അലയുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയായ കലാന്‍ഗുട്ടെയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന 76 പശുക്കളെ ഗോശാലയിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 

എന്നാല്‍, ഇവയില്‍ ഒന്നുപോലും സസ്യഭക്ഷണം കഴിക്കാന്‍ തയ്യാറായില്ല. കോഴിയുടെ അവശിഷ്ടങ്ങളും വറുത്ത മത്സ്യവുമൊക്കെയാണ് ഇവയുടെ പ്രിയപ്പെട്ട ഭക്ഷണം. മാംസഭുക്കുകളായി മാറിയ കന്നുകാലികളെ തിരികെ സസ്യഭുക്കുകളാക്കി മാറ്റിയെടുക്കാന്‍ മൃഗഡോക്ടര്‍മാരെ നിയോഗിച്ചതായും മന്ത്രി നോര്‍ത്ത് ഗോവയിലെ അര്‍പ്പോറ ഗ്രാമത്തില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

5 ദിവസത്തോളം ചികില്‍സിച്ചാല്‍ മാത്രമേ ഇവയെ തിരിച്ച് സസ്യഭുക്കുകളാക്കുവാന്‍ സാധിക്കൂ എന്നും മന്ത്രി പറയുന്നു. ഈ പശുക്കള്‍ കറങ്ങി നടന്ന മേഖലകളില്‍ നിരവധി മാംസ ആഹാര ഭക്ഷണശാലകള്‍ ഉള്ളതിനാലാണ് ഇവയ്ക്ക് ഇങ്ങനെയൊരു മാറ്റം സംഭവിച്ചത്. നേരത്തെ ഇവ മാംസം മണപ്പിച്ച് ഉപേക്ഷിച്ച് പോകുമായിരുന്നു. ഇപ്പോള്‍ അവ തിന്നാന്‍ തുടങ്ങി. 

ഇത്തരത്തില്‍ അലഞ്ഞുനടക്കുന്ന പശുക്കള്‍ നിരവധി വാഹനാപകടങ്ങള്‍ സൃഷ്ടിക്കുന്നു എന്ന പരാതി കൂടി ഉള്ളതിനാലാണ് പശുക്കളെ ഗോ ശാലയിലേക്ക് മാറ്റിയത് എന്നാണ് മന്ത്രി പറയുന്നത്. മായം ഗ്രാമത്തിലേ ഗോമാതക് ഗോസേവക് സംഘിന്‍റെ ഗോ ശാലയിലേക്കാണ് പശുവിനെ മാറ്റിയത്.