മഡ്ഗാവ്: ഇന്ത്യയില്‍ സമ്പൂര്‍ണ കൊവിഡ് മുക്തി നേടുന്ന ആദ്യ സംസ്ഥാനമായി ഗോവ. കൊവിഡ് ബാധിച്ച ഏഴില്‍ അവസാനത്തെ ആളും രോഗമുക്തി നേടിയതോടെയാണ് ഗോവ ഈ നേട്ടം സ്വന്തമാക്കിയത്. തീര്‍ച്ചയായും പൂജ്യത്തിന് മൂല്യമുണ്ടെന്ന് ഗോവന്‍ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ പറഞ്ഞു. ഏറെ സന്തോഷത്തോടെ സംസ്ഥാനത്തെ കൊവിഡ് സ്ഥിരീകരിച്ച എല്ലാവരും രോഗമുക്തി നേടിയതായി അറിയിക്കുകയാണ്. 

സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി പ്രവര്‍ത്തിച്ച എല്ലാ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവസാന കൊവിഡ് രോഗിയുടെ പരിശോധനാഫലവും നെഗറ്റീവ് ആയതോടെ ഗോവയ്ക്ക് ആശ്വാസത്തിന്റെയും സംതൃപ്തിയുടെയും നിമിഷമാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു.

ഡോക്ടര്‍മാരുടെ സംഘത്തിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും കഠിനമായ പ്രവര്‍ത്തനത്തിന് കയ്യടിക്കണമെന്നും ഏപ്രില്‍ മൂന്നിന് ശേഷം ഒരു കൊവിഡ് കേസ് പോലും ഗോവയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവയില്‍ ഏഴ് പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരുന്നത്. പൊസിറ്റിവ് ഫലം വന്ന എല്ലാവരും രോഗമുക്തി നേടിയെങ്കിലും ലോക്ക്ഡൗണിന്റെ പ്രാധാന്യം ചോരാതെ നോക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിച്ച് പരിശോധനകള്‍ നടത്തി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ തുടര്‍ന്നും പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡില്‍ നിന്ന് മോചിതരായ ഏഴു പേരെയും ഇപ്പോള്‍ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. 14 ദിവസം കൂടെ ഐസ്വലേഷനില്‍ കഴിഞ്ഞ ശേഷം മാത്രമേ അവര്‍ക്ക് വീട്ടിലേക്ക് മടങ്ങാനാകൂ.