പുറത്ത് വന്ന വീഡിയോയിൽ ജഗ്തിയാൽ ജില്ലയിലെ ധർമ്മപുരി മുൻസിപ്പാലിറ്റിയിൽ ഒരാൾ നായയ്ക്ക് വിഷം കുത്തിവയ്ക്കുന്നതും നിമിഷ നേരത്തിനുള്ളിൽ നായ കുഴഞ്ഞ് വീണ് മരിക്കുന്നതും കാണാം.
ഹൈദരാബാദ്: തെലങ്കാനയിൽ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ കർശന നടപടിയുമായി പൊലീസ്, ഹനംകൊണ്ട, കാമറെഡ്ഡി ജില്ലകളിലെ ഏഴ് ഗ്രാമത്തലവന്മാർ ഉൾപ്പെടെ 15 പേർക്കെതിരെ പൊലീസ് നിയമനടപടി ആരംഭിച്ചു. ജനുവരി ആദ്യ രണ്ടാഴ്ചക്കുള്ളിൽ ഹൈദരാബാദിൽ കുറഞ്ഞത് 500 ഓളം തെരുവ് നായ്ക്കളെയാണ് വിഷം കൊടുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവം വലിയ വിവാദമായതോടെയാണ് നടപടി. ഇതിനിടെ നായ്ക്കളെ ചിലർ വിഷം കുത്തിവെക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തെരുവ് നായ്ക്കളെ ഇല്ലാതാക്കുമെന്ന് നൽകിയ വാഗ്ദാനം നിറവേറ്റാനാണ് കൊടും ക്രൂരതയെന്നാണ് വിവരം.
കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ചില സ്ഥാനാർത്ഥികൾ തെരുവ് നായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യം പരിഹരിക്കുമെന്നും നായ്ക്കളില്ലാത്ത ഗ്രാമം സൃഷ്ടിക്കുമെന്നും ഗ്രാമീണർക്ക് വാഗ്ദാനം നൽകിയിരുന്നു. ഭവാനിപ്പേട്ട്, പൽവാഞ്ച, ഫരീദ്‌പേട്ട്, വാഡി, ഭണ്ടാരമേശ്വരപ്പള്ളി തുടങ്ങിയ ഗ്രാമങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 200ൽ അധികം നായ്‌ക്കളാണ് കൊല്ലപ്പെട്ടത്. മൃഗക്ഷേമ പ്രവർത്തകനായ ആടുലാപുരം ഗൗതം നൽകിയ പരാതിയിൽ ഗ്രാമത്തലവന്മാർക്കെതിരെ ആരോപണമുയർന്നിട്ടുണ്ട്.
ഇതിനിടെ പുറത്ത് വന്ന വീഡിയോയിൽ ജഗ്തിയാൽ ജില്ലയിലെ ധർമ്മപുരി മുൻസിപ്പാലിറ്റിയിൽ ഒരാൾ നായയ്ക്ക് വിഷം കുത്തിവയ്ക്കുന്നതും നിമിഷ നേരത്തിനുള്ളിൽ നായ കുഴഞ്ഞ് വീണ് മരിക്കുന്നതും കാണാം. അതേ ദിവസം തന്നെ തെരുവിൽ നിന്നും രണ്ട് നായ്ക്കളുടെ കൂടി ശവശരീരങ്ങളും കണ്ടെത്തി. രണ്ടാഴ്ചക്കുള്ളിൽ ധർമ്മപുരി മുൻസിപ്പാലിറ്റിയിൽ മാത്രം കുറഞ്ഞത് 50 നായ്ക്കളെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം ഹൻമകൊണ്ട പ്രദേശത്ത് 110 നായ്ക്കളുടെ ജഡങ്ങൾ കുഴിച്ചെടുത്തതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ദേശീയ മാധ്യമമായ എൻഡിറ്റിവിയോട് സ്ഥിരീകരിച്ചു. മരണകാരണം കൃത്യമായി കണ്ടെത്താൻ അവയിൽ ചിലതിന്റെ പോസ്റ്റ്‌മോർട്ടം നടത്താനാണ് തീരുമാനം.
മൃഗങ്ങളെ കൂട്ടക്കൊല ചെയ്തതിന് ഉത്തരവാദികളായ 15 പേരെ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ശ്യാംപേട്ട്, അരെപ്പള്ളി, പൽവഞ്ച പ്രദേശങ്ങളിലുള്ള ഗ്രാമത്തലവന്മാരടക്കമുള്ള 15 പേരാണ് നായ്ക്കളെ കൂട്ടത്തോടെ വിഷം വെച്ച് കൊലപ്പെടുത്തിയതിന് പിന്നിലെന്നാണ് വിവരം. 15 പേർക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യിലെ സെക്ഷൻ 325 (മൃഗങ്ങളെ കൊല്ലുകയോ വിഷം കൊടുക്കുകയോ ചെയ്യുക) പ്രകാരമുള്ള കേസും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമ പ്രകാരവുംകേസെടുത്തിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ടിന്റെയും നായ്ക്കളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്ഥിൽ കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


