ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മുതിർന്ന പൈലറ്റ് മിക്കി മാലിക്കിനെ ഗോഎയർ പുറത്താക്കി. കമ്പനിയുടെ വക്താവ് ശനിയാഴ്ചയാണ്  ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ട്വീറ്റ് മാലിക്ക് പോസ്റ്റ് ചെയ്തത്. 

'പ്രധാനമന്ത്രി ഒരു വിഡ്ഡിയാണ്, നിങ്ങൾക്ക് എന്നെ തിരിച്ചും വിളിക്കാം, പക്ഷേ കുഴപ്പമില്ല, എന്തെന്നാല്‍ ഞാൻ പ്രധാനമന്ത്രിയല്ല' എന്നായിരുന്നു. മിക്കി മാലിക്കിന്‍റെ ട്വീറ്റ്. ട്വീറ്റിനെതിരെ വലിയ വിമര്‍ശനം ഉയരുകയും മാലിക്കിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയരുകയും ചെയ്തു. ഇതോടെ  അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് പൂട്ടുകയുംചെയ്തിരുന്നു 

പ്രതിഷേധമുയര്‍ന്നതോടെ മാലിക് ക്ഷാമപണവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയെക്കുറിച്ചുള്ള  ട്വീറ്റുകൾക്കും, ആ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോടും ക്ഷമ ചോദിക്കുന്നുവെന്ന് മാലിക് പറഞ്ഞു. ട്വീറ്റ് ചെയ്തത് വ്യക്തിപരമായ അഭിപ്രായമാണ്, ഗോ എയറിന് അതുമായി യാതൊരു ബന്ധമില്ലെന്നും മാലിക് അക്കൗണ്ട് പൂട്ടുന്നതിന് മുമ്പ് ട്വീറ്റ് ചെയ്തു.

വിവാദ ട്വീറ്റുകളുടെ പേരില്‍ ഗോ എയര്‍ ഒരു പൈലറ്റിനെ പുറത്താക്കുന്നത് ഇതാദ്യമല്ല. പുരണാകഥയിലെ സീതയെയും ഹിന്ദുമതത്തെയും കുറിച്ച് ആക്ഷേപകരമായ ട്വീറ്റ് പോസ്റ്റ് ചെയ്തതിനെ തുടർന്ന് 2020 ജൂണിൽ ഒരു ട്രെയിനി പൈലറ്റിനെ ഗോ എയര്‍ പുറത്താക്കിയിരുന്നു.