കൊല്‍ക്കത്ത: ഗോഎയര്‍ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഭൂവനേശ്വറില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന ഗോഎയറിന്റെ ജി8 761 വിമാനമാണ് കഴിഞ്ഞദിവസം ആകാശച്ചുഴിയിൽപ്പെട്ടത്. പരിക്കേറ്റവരെ കൊല്‍ക്കത്ത വിമാനത്താവളത്തിലെ ഡിസ്പെൻസറിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. 

സംഭവത്തിൽ ഒമ്പത് യാത്രക്കാർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം യാത്രക്കാരെല്ലാം സുരക്ഷിതരായി കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയതായി ഗോഎയര്‍ വക്താവ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി മോശം കലാവസ്ഥയാണ്. ഇതാണ് വിമാനം ആകാശച്ചുഴിയിൽപ്പെടാൻ കാരണമായത്. വിമാനത്തിന് കേട്പാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഗോഎയര്‍ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.