ദില്ലി: ദില്ലിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പറന്ന ഗോ എയര്‍ വിമാനം നാവിഗേഷന്‍ ചാര്‍ട്ട് എടുക്കാത്തതിനാല്‍ തിരിച്ചിറക്കി. വെള്ളിയാഴ്ചയാണ് 146 യാത്രക്കാരുമായി പറന്ന വിമാനത്തില്‍ നാവിഗേഷന്‍ ചാര്‍ട്ട് എടുക്കാന്‍ ജീവനക്കാര്‍ മറന്നതിനെ തുടര്‍ന്ന് വിമാനം ദില്ലിയിലേക്ക് തിരിച്ചിറക്കുകയായിരുന്നു.

ദില്ലിയില്‍ നിന്ന് പറന്ന് കുറച്ചുസമയത്തിന് ശേഷമാണ് ബാങ്കോക്കിലേക്കുള്ള നാവിഗേഷന്‍ ചാര്‍ട്ട് ഇല്ലാത്ത വിവരം ജീവനക്കാര്‍ മനസ്സിലാക്കിയത്. ദില്ലിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെടാനിരുന്ന വിമാനം അവസാന നിമിഷം സാങ്കേതിക തകാര്‍ ഉണ്ടായതിനെ തുടര്‍ന്ന് എയര്‍ലൈന്‍ അധികൃതര്‍ മാറ്റിയിരുന്നു. ഇതിന് പകരമായി എത്തിയ വിമാനത്തില്‍ നാവിഗേഷന്‍ ചാര്‍ട്ടുണ്ടായിരുന്നില്ല. രാവിലെ 7.15 ന് പറന്ന വിമാനം ഒമ്പതരയോടെ തിരിച്ച് ദില്ലിയില്‍ ഇറക്കുകയായിരുന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷം വിമാനം വീണ്ടും പുറപ്പെട്ടു.