Asianet News MalayalamAsianet News Malayalam

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസ്: ആള്‍ദൈവം നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി പൊലീസ്

അഹമ്മദാബാദ് പൊലീസ് സൂപ്രണ്ട് ആര്‍ വി അസാരിയാണ് നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി അറിയിച്ചത്.

godman Nithyananda has fled the country says gujarat police
Author
Ahmedabad, First Published Nov 21, 2019, 10:03 PM IST

അഹമ്മദാബാദ്: പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വച്ച കേസില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ രാജ്യം വിട്ടതായി ഗുജറാത്ത് പൊലീസ്. അഹമ്മദാബാദ് പൊലീസ് സൂപ്രണ്ട് ആര്‍ വി അസാരിയാണ് നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി അറിയിച്ചത്. ആവശ്യം വന്നാല്‍ നിത്യാനന്ദയുടെ കസ്റ്റഡി ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. 

നിത്യാനന്ദയുടെ അഹമ്മദാബാദിലെ അശ്രമത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി അനുയായികളില്‍ നിന്ന് സംഭാവന ശേഖരിക്കാനാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. നിത്യാനന്ദയ്ക്കെതിരായ തെളിവുകള്‍ ശേഖരിച്ചുവരികയായിരുന്നു പൊലീസ്. 

നിത്യാനന്ദയുടെ ആശ്രമത്തിലെ ശിഷ്യരായ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിത്യാനന്ദയുടെ ശിഷ്യരായ സാധ്വി പ്രാണ്‍പ്രിയാനന്ദ, പ്രിയതത്വ റിദ്ദി കിരണ്‍ എന്നീ സ്ത്രീകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലോളം കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി ഫ്ലാറ്റില്‍ താമസിപ്പിച്ചതിനും ആശ്രമത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ ശേഖരിക്കനായി ഇവരെക്കൊണ്ട് ബാലവേല ചെയ്യിച്ചതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 

ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ നാല് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിത്യാനന്ദക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. യോഗിനി സര്‍വ്വഗ്യപീഠം എന്നാണ് നിത്യാനന്ദയുടെ ആശ്രമത്തിന്‍റെ പേര്. അതേസമയം നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്ന് തങ്ങളുടെ പെൺമക്കളെ വിട്ടുകിട്ടണമെന്ന പരാതിയുമായി മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ജനാർദ്ദന ശർമ്മും ഭാര്യയുമാണ് തന്‍റെ രണ്ട് പെൺമക്കളെ നിത്യാനന്ദ അന്യായമായി ആശ്രമത്തിൽ താമസിപ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് ​ഗുജറാത്ത് ഹൈക്കോടതിയിൽ പരാതിയുമായി എത്തിയത്. 


 

Follow Us:
Download App:
  • android
  • ios