ദില്ലി: ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ട്വീറ്റ്.  ഗോഡ്സെ ഗാന്ധിയെ കൊലപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമായിരുന്നു എന്ന ട്വീറ്റാണ്  വ്യാപകമായി പ്രചരിച്ചത്. 'ഗോഡ്സെ അമര്‍ രഹേ' എന്ന ഹാഷ്ടാഗില്‍ പ്രചരിച്ച ട്വീറ്റ് വൈറലായതോടെ ഇതിനെ വിമര്‍ശിച്ചും പരിഹസിച്ചും ട്വിറ്റര്‍ ഉപയോക്താക്കള്‍ രംഗത്തെത്തി. 

'ഗോഡ്സെ ഗാന്ധിയെ കൊലപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമായിരുന്നു. പ്രത്യേക രാജ്യം വേണമെന്ന ഹൈദരാബാദ് നിസാമിന്‍റെ ആവശ്യം അംഗീകരിച്ച ഗാന്ധി നിസാമിന്‍റെ ആഗ്രഹം സഫലമാക്കാന്‍ വേണ്ടി ഫെബ്രുവരി 2 മുതല്‍ സത്യഗ്രഹം ഇരിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന് മുമ്പാണ് ഗോഡ്സെ ഗാന്ധിയെ വെടിവെച്ചത്'- ട്വീറ്റില്‍ പറയുന്നു. 

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് ട്വീറ്റ് ചെയ്തത്. ഗാന്ധിയും നെഹ്റുവും ചതിയന്മാരാണെന്നും സവര്‍ക്കറും ഗോഡ്സെയും ആസാദും ദേശീയവാദികളാണെന്നുമാണ് ട്വീറ്റുകളിലൊന്ന്. ഗോഡ്സെ അനുകൂല ട്വീറ്റിനെ പരിഹസിച്ച് ട്രോളന്‍മാരും സജീവമായതോടെ  ഗാന്ധിജിയുടെ ജന്മവാര്‍ഷികത്തില്‍ ട്വിറ്റര്‍ ട്രെന്‍ഡിങില്‍ മുമ്പിലെത്തിയത് 'ഗോഡ്സെ അമര്‍ രഹേ' എന്ന ഹാഷ്ടാഗ്.