ലക്‌നൗ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 21 ദിവസത്തേക്ക് രാജ്യം ലോക്ക്ഡൗണ്‍ ചെയ്യുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ യുപിയില്‍ കടുത്ത നിയമലംഘനവുമായി സ്വയം പ്രഖ്യാപിത ആള്‍ദൈവം. സര്‍ക്കാര്‍ നിര്‍ദേശം കണക്കിലെടുക്കാതെ ഇവര്‍ സ്വന്തം വീട്ടില്‍ ഭക്തര്‍ക്ക് ഒത്തുകൂടാന്‍ അവസരമൊരുക്കിയതാണ് പിന്നീട് വലിയ വലിയ നാടകീയരംഗങ്ങളിലേക്ക് വഴിമാറിയത്. 

ഉത്തര്‍പ്രദേശിലെ ദിയോറിയ സ്വദേശിനിയാണ് 'മാ ആദി ശക്തി' എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം. ദിവസവും നിരവധിയാളുകള്‍ ഇവരെ കാണാന്‍ വീട്ടില്‍ വരുന്നത് പതിവായിരുന്നു. എന്നാല്‍ രാജ്യം കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കേ, സമ്പൂര്‍ണ്ണ അടച്ചുപൂട്ടലിലേക്ക് കടക്കുമ്പോഴും ഇവര്‍ നിയമവിരുദ്ധമായി ആളുകള്‍ക്ക് വീട്ടില്‍ ഒത്തുകൂടാന്‍ അവസരമൊരുക്കുകയായിരുന്നു. 

സംഭവമറിഞ്ഞ് വൈകാതെ പൊലീസ് സ്ഥലത്തെത്തി. ആദ്യഘട്ടത്തില്‍ ഇവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട സ്ത്രീ പിന്നീട് അകത്തുപോയി വീട്ടില്‍ സൂക്ഷിച്ചിരുന്ന വാളെടുത്ത് പൊലീസുകാര്‍ക്ക് നേരെ വീശുകയായിരുന്നു. അവിടെ കൂടിനിന്നിരുന്ന നൂറിലധികം ആളുകളോട് സുരക്ഷയെ കരുതി തിരിച്ചുപോകണമെന്ന് പൊലീസ് പല തവണ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തങ്ങള്‍ തയ്യാറല്ലെന്നും പൊലീസ് തിരിച്ചുപോകണമെന്നും ആയുധം ഉയര്‍ത്തിക്കൊണ്ട് സിനിമാ മോഡലില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം പറയുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ ഇവരേയും കൂട്ടാളികളേയും കീഴടക്കുകയായിരുന്നു. ലാത്തി വീശിയും സംഘമായി നിന്ന് പിടിച്ചുമാറ്റിയുമെല്ലാമാണ് ഇവരെ പൊലീസ് സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്ത് നീക്കിയത്. 

ഭീതിപ്പെടുത്തും വിധത്തിലാണ് ഇന്ത്യയിലും കൊവിഡ് 19 കേസുകള്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. 562 പേര്‍ക്കാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവുമധികം കേസുകള്‍ നിലവില്‍ കേരളത്തില്‍ നിന്നാണെങ്കിലും ആദ്യഘട്ടത്തില്‍ രോഗബാധ സ്ഥിരീകരിക്കാതിരുന്ന ഉത്തര്‍പ്രദേശില്‍ നിന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യുപിയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും. 

വീഡിയോ കാണാം...

"